എം പരിവാഹന്‍ സൈറ്റ് കേടായപ്പോൾ തട്ടിയത് ആറേകാല്‍ ലക്ഷം
Saturday, March 1, 2025 2:47 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ‘എം പരിവാഹന്‍’ സംവിധാനത്തിന്റെ മറവില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായത് ആറേകാല്‍ ലക്ഷം രൂപ. കഴിഞ്ഞ 24, 25, 26 തീയതികളിലാണ് എം പരിവാഹന്‍ സൈറ്റ് പ്രവര്‍ത്തനരഹിതമായത്.
ഈ സമയത്താണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും ലക്ഷ്യമിട്ടു വ്യാപക തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം 15 കേസുകളിലായി ഉപഭോക്താക്കള്‍ക്കു നഷ്ടമായത് ആറേകാല്‍ ലക്ഷം രൂപയാണ്.
തിരുവനന്തപുരം സിറ്റിയില്‍ എട്ടു കേസുകളും തിരുവനന്തപുരം റൂറലില്‍ നാലു കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്ത് രണ്ടു കേസുകളും എറണാകുളം സിറ്റിയിലും മലപ്പുറത്തും ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
വാഹനം ഉള്‍പ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് വാഹന ഉടമയ്ക്ക് വാട്സ് ആപ്പില്‍ സന്ദേശം ലഭിക്കും. ഈ സന്ദേശത്തില്‍ ഒരു എപികെ (APK) ഫയല്‍ ഉണ്ടാകും. ഈ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തട്ടിപ്പുകാര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്എംഎസ് അനുമതി നല്കാന് പറയും.
ഈ അനുമതി നൽകുന്നതോടെ ഒടിപി സ്വയം ആക്സസ് ചെയ്യാനും അവ ഉപയോഗിച്ച് വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയും. അതോടൊപ്പം മൊബൈല്‍ ഉപഭോക്താവിന്റെ ഗാലറിയിലുള്ള ഫോട്ടോകള്‍, മൊബൈല്‍ ഫോണ്‍ കോണ്ടാക്ടുകള് എന്നിവ ദുരുപയോഗം ചെയ്യാനും സാധ്യതയേറെയാണ്. പരാതികളുടെ എണ്ണം കൂടിയതോടെ ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി.
ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചാല്‍ അതു തുറക്കാതെ ചാറ്റ് ഡിലീറ്റാക്കണമെന്നാണു പോലീസിന്റെ മുന്നറിയിപ്പിലുള്ളത്. അഥവാ തുറന്നാല്‍ ഉടന്‍തന്നെ അക്കൗണ്ടിലുള്ള പണം സുരക്ഷിതമാക്കുക. പെട്ടെന്നു തന്നെ ഫോണ്‍ റീ സെറ്റ് ചെയ്യുകയും വേണമെന്ന് പോലീസ് മുന്നറിയിപ്പിലുണ്ട്.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ പോലീസിനെ ബന്ധപ്പെടണം.