വിമർശിക്കാൻ മോശം പദപ്രയോഗം പാടില്ല : എം.വി. ഗോവിന്ദൻ
Saturday, March 1, 2025 1:21 AM IST
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരസമിതി നേതാവ് എസ്. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാറിന്റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
വിമർശിക്കാൻ മോശം പദം ഉപയോഗിക്കേണ്ടതില്ല. നല്ല പദങ്ങൾ ഉപയോഗിക്കണം. മാധ്യമങ്ങൾക്ക് ഏതെങ്കിലും ഒരു പദം ലഭിച്ചാൽ മതി. അതിൽ പിടിച്ചു കാടുകയറുമെന്നും ഗോവിന്ദൻ പറഞ്ഞു.
സമരം നടത്തുന്നതുകൊണ്ട് ആശാവർക്കർമാർ സർക്കാരിനൊ പാർട്ടിക്കോ ശത്രുക്കളല്ല. വിവിധ ആവശ്യങ്ങളുന്നയിച്ചു സിഐടിയുവിന്റെ നേതൃത്വത്തിലാണു സമരം ആദ്യം ആരംഭിച്ചത്. കേരളത്തിന്റെ വികസനത്തിനു എതിരായ ടീമാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ഈ സമരത്തിനു നേതൃത്വം നൽകുന്നത്. ഈ ടീമിൽ എസ്യുസിഐയും എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും ഉണ്ടെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടാണ് ആശാ വർക്കർമാരുടെ പ്രതിസന്ധിക്കു കാരണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ആശാ വർക്കർമാർക്കു നൽകാൻ 100 കോടി കേന്ദ്രത്തിന്റെ കുടിശിക നിലനിൽക്കുന്നു. സംസ്ഥാന സർക്കാർ ആകട്ടെ എല്ലാ കുടിശികകളും നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്തു വർധിപ്പിച്ചത് കേവലം 100 രൂപയാണ്.
ഇടതുസർക്കാർ വന്നതിനുശേഷം വലിയ രീതിയിൽ മാറ്റം വന്നു. പ്രശ്നം പരിഹരിക്കണം എന്നതുതന്നെയാണ് ഇടതുപക്ഷത്തിന്റെയും ആവശ്യം. ചർച്ചയ്ക്ക് ഇവിടെ ആരും എതിരല്ല. സമരവും സമരത്തിനു നേതൃത്വം നൽകുന്നവരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ആഴക്കടൽ മണൽ ഖനനത്തിൽ ആദ്യമായി പ്രതികരിച്ചത് ഇടതുപക്ഷമാണ്. കേരളത്തിന്റെ 18 എംപിമാർ പാർലമെന്റിൽ ഇതിനെതിരേ ഒന്നും പ്രതികരിച്ചില്ല. ഖനനത്തിന് സർക്കാർ അനുകൂലമാണെന്ന പ്രചാരണം പച്ചക്കള്ളമാണ്. ഇടതുമുന്നണിയും സർക്കാരും ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന സമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.