വിദ്യാർഥിനിക്കു നേരേ നായ്ക്കുരുണപ്പൊടി പ്രയോഗം ; പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു
Saturday, March 1, 2025 1:21 AM IST
കാക്കനാട്: തെങ്ങോട് സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിക്കുനേരേ സഹപാഠിയുടെ നേതൃത്വത്തിൽ നടന്ന നായ്ക്കുരുണപ്പൊടി പ്രയോഗം വിവാദമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് വിദ്യാർഥിനിയുടെ അമ്മ നൽകിയ പരാതിയിൽ പത്തു ദിവസങ്ങൾക്കുശേഷമാണ് അന്വേഷണം ആരംഭിച്ചത്.
കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടയിൽ സംഭവിച്ചതാണെന്ന വിശദീകരണമാണ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. പരീക്ഷാദിവസം വലിയ കവറിൽ നായ്ക്കുരുണപ്പൊടിയും കായ്കളും സ്കൂളിൽ കൊണ്ടുവന്നത് കുട്ടികൾക്ക് തമ്മിൽ തമ്മിൽ എറിഞ്ഞുകളിക്കാനാണോ എന്ന ചോദ്യത്തിന് സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ലെന്നാണു സൂചന.
സംഭവദിവസം ഐടി പരീക്ഷ കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് നായ്ക്കുരുണപ്പൊടി വിതറിയ സഹപാഠിയുടെ പേരടക്കം ചാനലുകളിൽ പരാതിക്കാരിയായ കുട്ടി വെളിപ്പെടുത്തിയിരുന്നു.
വിദ്യാഭ്യാസ വകുപ്പ് മേലധികാരികൾക്കടക്കം പരാതി നൽകിയിട്ടും അന്വേഷണം നടത്തിയില്ലല്ലോയെന്ന് അന്വേഷണത്തിനെത്തിയവരോട് കുട്ടിയുടെ അമ്മ ചോദിച്ചു.
എസ്എസ്എൽസി പരീക്ഷയെഴുതാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായിയെ അനുവദിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും സ്വന്തമായി പരീക്ഷയെഴുതുന്നതാണ് ഇഷ്ടമെന്നു ചികിത്സയിൽ കഴിയുന്ന കുട്ടി വ്യക്തമാക്കി. കഴിഞ്ഞ മൂന്നിനാണ് സംഭവമുണ്ടായത്.