വന്യജീവി ആക്രമണം നേരിടാൻ 273 പഞ്ചായത്തുകളിൽ പ്രാഥമിക പ്രതികരണ സേന
Friday, February 28, 2025 2:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ 273 പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രൈമറി റെസ്പോണ്സ് ടീം (പിആർടി) രൂപീകരിക്കാൻ തീരുമാനം. വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
വന്യജീവി ആക്രമണസാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
75 നിയമസഭാ മണ്ഡലങ്ങളിലായി വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഈ പഞ്ചായത്തുകളിൽ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാകും പിആർടി എന്ന പ്രാഥമിക പ്രതികരണ സേന രൂപീകരിക്കുക.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് രൂപരേഖ തയാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയിൽ അതത് മേഖലയിലുള്ള എംപി, എംഎൽഎമാർ എന്നിവരെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വനംവകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുമായി ചേർന്നു പ്രവർത്തിക്കണം. കണ്ട്രോൾ റൂം വഴി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ, വന്യമൃഗ ആക്രമണം സംബന്ധിച്ച വിവരങ്ങൾ എന്നിവ ജില്ലാ കളക്ടർ, പോലീസ് മേധാവി, ഇതര വകുപ്പുകൾ തുടങ്ങിയവർക്ക് അപ്പപ്പോൾ ലഭ്യമാക്കി തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വീണാ ജോർജ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, കെ.ആർ. ജ്യോതിലാൽ, പുനീത് കുമാർ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഫയർഫോഴ്സ് മേധാവി കെ. പദ്മ കുമാർ, വനംവകുപ്പ് മേധാവി ഗംഗാ സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സമിതികൾ മാർച്ച് 15നു മുന്പ് രൂപീകരിക്കും
തിരുവനന്തപുരം: വന്യജീവി ആക്രമണം കുറയ്ക്കുന്നതിന് നിർദേശങ്ങൾ നൽകാനും പുരോഗതി വിലയിരുത്താനും സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നാലു സമിതികളിൽ പ്രാദേശിക സമിതികൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 15നകം മുഴുവൻ സമിതികളും രൂപീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ ഉൾപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കണം. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്കരിക്കുന്നത് പരിഗണിക്കുമെന്നും ഇൻഷ്വറൻസ് പരിരക്ഷ പരിശോധിക്കുമെന്നും ഇന്നലെ നടന്ന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശക്തിപ്പെടുത്തണം.