വെഞ്ഞാറമൂട് കൂട്ടക്കൊല; ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യത
Saturday, March 1, 2025 2:47 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് പ്രതി അഫാൻ പോലീസിൽ നൽകിയ കുറ്റസമ്മത മൊഴിയിൽ പറയുന്നു.
കടുത്ത സാമ്പത്തിക ബാധ്യതയാണ് ക്രൂര കൃത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്. തന്റെ അമ്മയുടെ സാന്നിധ്യത്തിൽ പെൺസുഹൃത്ത് ഫർസാനയോട് കൂട്ട ആത്മഹത്യയുടെ കാര്യം സംസാരിച്ചു.
തങ്ങളോടൊപ്പം ഒരുമിച്ച് മരിക്കാൻ തയാറാകണമെന്നു ഫർസാനയോട് പറഞ്ഞപ്പോൾ പെൺകുട്ടി വിസമ്മതിച്ചു. തിരികെ വീട്ടിലേക്കുപോയി. കൃത്യം നടത്തുന്നതിനു മുൻപുള്ള ദിവസം ആയിരുന്നു കൂട്ട ആത്മഹത്യയെക്കുറിച്ചു സംസാരിച്ചത്.
എല്ലാവരും മരിക്കണമെന്നും ആരും രക്ഷപ്പെടാൻ പാടില്ലെന്നും താൻ ഉറപ്പിച്ചിരുന്നു. അതിനാലാണ് സ്വയം കൃത്യം നടത്താൻ തീരുമാനിച്ചതെന്നാണ് അഫാന്റെ കുറ്റസമ്മതം. പണം കടം തന്നവർ തിരികെ ചോദിച്ച് നിരന്തരം ശല്യം ചെയ്തു. വാഹനങ്ങൾ വിറ്റു. കടം വീട്ടാൻ ഫർസാനയുടെ സ്വർണവും വാങ്ങി പണയം വച്ചു. എന്നിട്ട് മുക്കുപണ്ടം വാങ്ങി നൽകി. 90000 രൂപയ്ക്കാണ് സ്വർണം പണയം വച്ചത്.
ഇത് തിരിച്ചു കൊടുക്കാൻ ഫർസാന ആവശ്യപ്പെട്ടു. ഫർസാനയുടെ വീട്ടിൽ അറിഞ്ഞാൽ പ്രശ്നം ആകുമെന്ന് അഫാൻ ആശങ്കപ്പെട്ടു. മനസിന് നല്ല ധൈര്യം കിട്ടാനാണ് കൊലപാതങ്ങൾ നടത്തുന്നതിനിടെ മദ്യപിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് അഫാൻ കുറ്റകൃത്യം നടത്തിയതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിത്.
അതേ സമയം അഫാന്റേത് അസാധാരണ പെരുമാറ്റം ആണെന്നും മാനസിക ആരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും ചോദ്യം ചെയ്യുമെന്നും റൂറൽ എസ്പി കെ. എസ്. സുദർശനൻ പറഞ്ഞു.
14 പേരിൽ നിന്നായി 65 ലക്ഷം രൂപ അഫാന്റെ കുടുംബം കടം വാങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയെന്ന് എസ്പി വ്യക്തമാക്കി. കൂട്ടക്കൊലയ്ക്ക് കാരണമായി കട ബാധ്യതയ്ക്കുപുറമെ മറ്റേന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്നു അന്വേഷിക്കും. വിദേശത്തുനിന്നും നാട്ടിലെത്തിയ അഫാന്റെ പിതാവ് റഹിമിൽനിന്നും കൂടുതൽ വിവരങ്ങൾ മൊഴിയായി രേഖപ്പെടുത്തുമെന്നും എസ്പി പറഞ്ഞു.
ഭാര്യയെ നേരിൽ കണ്ടത് ആശുപത്രിമുറിയിൽ
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. ഇന്നലെ രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽനിന്നു വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അഫാൻ നാട്ടിൽ 14 പേരിൽ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്.
ഒരാളിൽ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടൽ ആണ് ചെയ്തത്. വീടു വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷെമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാർ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതുമാണ് പ്രകോപനത്തിന് കാരണമായത്.
അച്ഛന്റെ സഹോദരൻ ലത്തീഫ് നിരന്തരമായി ഉമ്മയെ കുറ്റപ്പെടുത്തിയെന്ന് അഫാൻ മൊഴി നൽകിയിട്ടുണ്ട്. പെൺസുഹൃത്തിന്റെ മാലയും പണയപ്പെടുത്തിയിരുന്നു. അഫാൻ ഫർസാനയുടെ മാലയും കടം വീട്ടാൻ പണയം വച്ചു.
ഫർസാന മാല തിരികെ ചോദിച്ചിരുന്നു. അതേസമയം, അഫാനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.