ആറു വർഷങ്ങൾക്കു ശേഷം കെഎഎസ്; വിജ്ഞാപനം ഏഴിന്
Saturday, March 1, 2025 1:21 AM IST
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെഎഎസി) രണ്ടാം വിജ്ഞാപനത്തിനായി പിഎസ്സിക്ക് സർക്കാർ ഒഴിവ് റിപ്പോർട്ട് ചെയ്തു.
ആറു വർഷങ്ങൾക്കു ശേഷമാണിത്. ഏഴിന് പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. രണ്ടുഘട്ടങ്ങളായി നടത്തപ്പെടുന്ന പരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയതിന് ശേഷം 2026 ഫെബ്രുവരി 16ന് റാങ്ക് പട്ടിക നിലവിൽ വരും.
പ്രാഥമിക പരീക്ഷയിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ട്. ഈ പരീക്ഷ ജൂൺ 14ന് നടത്തും. ഇതിൽ വിജയിക്കുന്നവർക്കായി ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്ന അന്തിമ വിവരണാത്മക പരീക്ഷയിൽ 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാവും. അടുത്ത വർഷം ജനുവരിയിലായിരിക്കും അഭിമുഖം. അഭിമുഖത്തിന്റെ 50 മാർക്കും കൂടി ചേർത്ത് മൊത്തം 350 മാർക്കാണ്.
ബിരുദമാണ് യോഗ്യത. വിജ്ഞാപനത്തോടൊപ്പം സിലബസ് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണ പിന്തുടർന്ന കെഎഎസ് തെരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകൾക്കായി നിശ്ചചയിച്ചിട്ടുള്ളത്.
രണ്ട് പരീക്ഷകളിലും ഇംഗ്ലീഷ് ചോദ്യങ്ങളോടൊപ്പം മലയാളം, തമിഴ്, കന്നട തർജമകളും ഉണ്ടാകും. പരീക്ഷാർഥികൾക്ക് മലയാളത്തിലോ ഇംഗ്ലീഷിലോ, കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ തമിഴിലോ കന്നടയിലോ ഉത്തരമെഴുതാം.