ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെ പൊതുവേദിയില്‍ വിമര്‍ശിച്ച് മന്ത്രി പി. പ്രസാദ്
Saturday, March 1, 2025 2:47 AM IST
കടുത്തുരുത്തി: ഫയലുകളില്‍ തീരുമാനം എടുക്കുന്നതിലുള്ള കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥന്മാരുടെ മെല്ലെപ്പോക്ക് നയത്തെ വിമര്‍ശിച്ച് കൃഷി മന്ത്രി പി. പ്രസാദ്. സംസ്ഥാന കൃഷി വകുപ്പ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുഖേന നടപ്പാക്കുന്ന കൂണ് ഗ്രാമം പദ്ധതിയുടെ കടുത്തുരുത്തി ബ്ലോക്കുതല ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
കൃഷിവകുപ്പ് ഹോര്‍ട്ടികോര്‍പ്പ് വഴി ഉത്പന്നങ്ങള്‍ ശേഖരിച്ച വകയില്‍ ലക്ഷങ്ങള്‍ കര്‍ഷകര്‍ക്ക് കിട്ടാനുണ്ടെന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് യോഗസ്ഥലത്തു വച്ച് കര്‍ഷകര്‍ നിവേദനം നല്‍കിയിരുന്നു. പ്രസംഗത്തിനിടെ നിവേദനത്തിലെ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതിനിടെയാണ് ചില ഉദ്യോഗസ്ഥരുടെ വീഴ്ചകളെ അദേഹം വിമര്‍ശിച്ചത്.
നല്ലകാര്യങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിനൊപ്പം തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാം വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. എന്നാല്‍ ഒരുപറ്റം ഉദ്യോഗസ്ഥരുടെ നടപടികളാണ് വേണ്ടസമയത്ത് പലതും നടക്കാതെ പോകാന്‍ കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
തുടര്‍ന്നാണ് നേരിട്ട് കൃഷിവകുപ്പിലെ ഒരു ഫയല്‍ പരിശോധിച്ചപ്പോഴുണ്ടായ അദേഹത്തിന്റെ അനുഭവം പങ്കുവച്ചത്. ഒരു ഫയല്‍ വിവിധ ഉദ്യോഗസ്ഥരുടെ അടുത്തെത്താന്‍ മൂന്ന് മാസം എടുത്തു. അവസാനം നോക്കിയ ഉദ്യോഗസ്ഥന് ഇത് ഏത് ബാങ്കിന്റെ അക്കൗണ്ടാണെന്ന് മനസിലാകുന്നില്ല, അതില്‍ വ്യക്തത വേണമെന്ന് കുറിപ്പെഴുതി ഫയല്‍ തിരിച്ചയച്ചു.
അത് വ്യക്തമാക്കി ഫയല്‍ വീണ്ടും തിരിച്ചയച്ച ഉദ്യോഗസ്ഥന് മുമ്പിലെത്താന്‍ വീണ്ടും നാലു മാസം എടുത്തു. ഒരു ഫോണ്‍ കോളില്‍ തീരാവുന്ന പ്രശ്നമാണ് മാസങ്ങള്‍ വൈകാന്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ഇടയാക്കിയതെന്നു മന്ത്രി കുറ്റപ്പെടുത്തി.
ഫയലുകള്‍ തീര്‍ക്കുന്നതിലും കര്‍ഷകര്‍ക്കു വേണ്ടവിധം യഥാസമയം സഹായങ്ങള്‍ എത്തിക്കുന്നതിലും ഇവര്‍ കാണിക്കുന്ന അലംഭാവം മൂലം കൃഷിവകുപ്പിനെ മൊത്തത്തിൽ ജനങ്ങള്‍ വിമര്‍ശിക്കുന്ന സാഹചര്യങ്ങള്‍ പലയിടത്തും ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.