""സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല''
Friday, February 28, 2025 2:42 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: വൈകുണ്ഠ സ്വാമി ധർമ പ്രചാരണസഭ (വിഎസ്ഡിപി) നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകനെ ലഹരിമരുന്നുമായി പോലീസ് സംഘം പിടിച്ചതിനു പിന്നാലെ മകന്റെ പ്രവൃത്തിയെ തള്ളിയും ലഹരിമരുന്ന് കേരളത്തിലെ യുവജനതയെ വിഴുങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയോടെയുമുള്ള വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി.
മക്കളെ ലഹരിമരുന്നുകേസിൽ എക്സൈസ്, പോലീസ് സംഘങ്ങൾ പിടിക്കുന്പോൾ ആ ഉദ്യോഗസ്ഥർക്കെതിരേ രംഗത്തു വരുന്ന രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരിൽനിന്നു വളരെ വ്യത്യസ്തമായി തന്റെ മകൻ ശിവജി ചെയ്ത കുറ്റം പൂർണമായി ഉൾക്കൊണ്ടാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ, കേരളത്തിന്റെ പോക്ക് എങ്ങോട്ട് എന്നു ചോദിക്കുന്നത്. പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ടാണ്? ലഹരിമരുന്ന് കൊച്ചു കേരളത്തെ വിഴുങ്ങുകയാണ്. നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്മാർ വല വിരിച്ചിരിക്കുന്നു. സ്വന്തം കുടുംബത്തിലും അത്തരമൊരു അനുഭവമുണ്ടായി. നാളെ ആർക്കും ഉണ്ടാകാവുന്ന ഒന്ന്. എന്റെ മൂത്ത മകനെയും ലഹരിമരുന്ന് കേസിൽ പൂവാർ പോലീസ് പിടികൂടി. അവന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ പക്കൽനിന്നാണ് എംഡിഎംഎ എന്ന ലഹരിവസ്തു പോലീസ് പിടിച്ചത്.
കുറഞ്ഞ അളവിൽ ആയിരുന്നതിനാൽ അവരെ എല്ലാവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എന്തായാലും ഇക്കാര്യത്തിൽ മകനെ സംരക്ഷിക്കാൻ യാതൊരു ശ്രമവും നടത്തില്ല. സ്വന്തം മകൻ തെറ്റ് ചെയ്താലും തെറ്റ് തന്നെയാണല്ലോ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കുകതന്നെ വേണം.
പോലീസ് മനഃപൂർവം കുടുക്കിയതാണ് എന്നൊന്നും അഭിപ്രായമില്ല. ഒരുതരത്തിലും ലഹരിമരുന്ന് ഉപയോഗം ന്യായീകരിക്കാനാകില്ല. ചില കാര്യങ്ങൾ പറയാനുള്ളത് കേരളത്തിലെ രക്ഷിതാക്കളോടാണ്. നമ്മുടെ കുട്ടികളെ ശരിക്കും കരുതേണ്ടതുണ്ട്.
കൂട്ടുകെട്ടുകൾ അടക്കം നമുക്ക് നിയന്ത്രിക്കാവുന്നതിന് പരിധി ഉണ്ടല്ലോ. പഠിക്കാൻ പോകുന്ന സ്ഥാപനങ്ങളും സാഹചര്യങ്ങളും ഒക്കെയാണ് സുഹൃത്തുക്കളെ സൃഷ്ടിക്കുന്നത്. കുട്ടികൾ അറിയാതെ പോലും ഇതിൽ കുടുങ്ങുന്നുണ്ട്. ചിലപ്പോൾ ഐസ്ക്രീമിന്റെ രൂപത്തിലാകാം. അല്ലെങ്കിൽ മിഠായി ആകാം.
ലഹരിക്ക് അടിമയായിക്കഴിഞ്ഞാൽ അവരറിയാതെതന്നെ നീരാളിപ്പിടിത്തത്തിലാകും. രാസലഹരി സിരകളിൽ പടർന്നുകഴിഞ്ഞാൽ എന്താണ് ചെയ്യുന്നത് എന്ന് പോലും അവർക്കറിയില്ല. എക്സൈസും പോലീസുമൊക്കെ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണം.
ലഹരിക്കെതിരേ സ്വന്തം നിലയിലും പ്രസ്ഥാനത്തെ ഉപയോഗിച്ചും പോരാട്ടം തുടരും. പ്രിയപ്പെട്ടവരെല്ലാം അതിനൊപ്പമുണ്ടാകുമെന്ന് ഉറപ്പാണ്.