ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി
Friday, February 28, 2025 1:15 AM IST
ആലത്തൂർ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി. ആലത്തൂർ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു ജാമ്യം നൽകാനാവില്ലെന്ന് ഉത്തരവിട്ടത്.
മുൻകൂർ നോട്ടീസ് നൽകാതെയുള്ള അറസ്റ്റിനു നിയമസാധുതയില്ലെന്നത് ഉൾപ്പെടെ വ്യക്തമാക്കി അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രഥമദൃഷ്ടാ ചെന്താമരയുടെ പങ്ക് തെളിയിക്കുന്ന കാര്യങ്ങൾ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ടെന്നു മജിസ്ട്രേറ്റ് വ്യക്തമാക്കി.
അറസ്റ്റ് നടപടികളിൽ പിഴവുണ്ടെന്ന വാദം ജാമ്യം നേടാനുള്ള വഴിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കു ജാമ്യം ലഭിച്ചാൽ സാക്ഷികൾക്കു ഭീഷണിയാകുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു.
അഭിഭാഷകൻ ജേക്കബ് മാത്യു മുഖേനയാണ് ആലത്തൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ചെന്താമര ജാമ്യാപക്ഷേ നൽകിയത്. ഇരട്ടക്കൊലക്കേസിൽ റിമാൻഡിലുള്ള ചെന്താമര വിയ്യൂർ ജയിലിൽ കഴിയുകയാണ്.
ജനുവരി 27നാണു വ്യക്തിവൈരാഗ്യത്തെത്തുടർന്ന് അയൽവാസിയായ സുധാകരൻ, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യംനേടി പുറത്തിറങ്ങിയതിനു പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്.