അമ്മയും രണ്ട് പെൺമക്കളും ട്രെയിനിടിച്ച് മരിച്ച നിലയിൽ
Saturday, March 1, 2025 2:48 AM IST
ഏറ്റുമാനൂർ: അമ്മയും രണ്ട് പെൺമക്കളും ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ. പാറോലിക്കൽ, കാരിത്താസ് റെയിൽവേ ഗേറ്റുകൾക്കു മധ്യേ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിന്റെ ഭാര്യ ഷൈനി (43), മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവരാണു മരിച്ചത്.
തെള്ളകം 101 കവല വടകര കുര്യാക്കോസിന്റെയും മോളിയുടെയും മകളാണ് ഷൈനി. ഷൈനിയും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേത്തുടർന്ന് ഷൈനി കോടതിയെ സമീപിച്ചിരുന്നു. ഷൈനിയും മക്കളും കഴിഞ്ഞ ഒമ്പതു മാസമായി ഷൈനിയുടെ മാതാപിതാക്കൾക്കൊപ്പം തെള്ളകത്തെ വീട്ടിലായിരുന്നു താമസം.
ഇന്നലെ പുലർച്ചെ പള്ളിയിലേക്കെന്നു പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽനിന്ന് ഇറങ്ങിയത്. പുലർച്ചെ 5.30 ന് കോട്ടയം - നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇവരെ ഇടിച്ചത്. മൂന്നുപേരും ട്രാക്കിൽ നിൽക്കുന്നതു കണ്ട് നിർത്താതെ ഹോൺ മുഴക്കി ഇവരെ പിന്മാറ്റാൻ ശ്രമിച്ചെങ്കിലും ഷൈനി രണ്ടു കുട്ടികളെയും മുറുകെ ചേർത്തു പിടിച്ച് ട്രാക്കിൽത്തന്നെ നിൽക്കുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റ് മൊഴി നൽകിയിരിക്കുന്നത്.
ലോക്കോ പൈലറ്റ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ട്രാക്കിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ചിതറിപ്പോയിരുന്നു. ഏറ്റുമാനൂർ പോലീസും കോട്ടയം റെയിൽവേ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് മൃതദേഹങ്ങൾ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷൈനിയുടെ വിദേശത്തുള്ള സഹോദരങ്ങൾ എത്തിയ ശേഷം സംസ്കാരം നടത്തും.അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്കൂൾ വിദ്യാർഥിനികളാണ്. ഈ അധ്യയന വർഷത്തിലാണ് ഇവരെ ഇവിടെ ചേർത്തത്. മൂത്ത മകൻ എഡ്വിൻ എറണാകുളത്ത് സ്പോർട്സ് സ്കൂൾ വിദ്യാർഥിയാണ്.
അവധിക്ക് നാട്ടിലുണ്ടായിരുന്ന ഷൈനിയുടെ ഭർത്താവ് നോബി ഇന്നലെയാണ് തിരികെ പോയത്.