പൂസാകാൻ കഫ് സിറപ്പ്! ഷാപ്പുടമകൾക്കെതിരേ കേസ്
Friday, February 28, 2025 1:15 AM IST
ചിറ്റൂർ: കള്ളിൽ വീര്യം കൂട്ടാൻ കൃത്രിമ ലായിനി ചേർത്ത സംഭവത്തിൽ രണ്ടു ഷാപ്പുകൾക്കെതിരേ നടപടി. വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുടമകൾക്കെതിരേയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കേസെടുത്തത്.
ഇക്കഴിഞ്ഞ ഓണക്കാലത്ത് സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി താലൂക്കിലെ ഷാപ്പുകളിൽനിന്നു കള്ളിന്റെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസമാണു പരിശോധനാഫലം ലഭിച്ചത്.
കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിലെ കള്ളിൽ ചുമയ്ക്ക് ഉപയോഗിക്കുന്ന ബലാഡ്രിൽ സിറപ്പ് ചേർത്തതായി വ്യക്തമായിരുന്നു. താലൂക്കിൽ കള്ളുഷാപ്പുകൾ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്തുമെന്നു ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.