മധ്യവേനൽ പരീക്ഷാ ചൂടിൽ കേരളം
Saturday, March 1, 2025 2:57 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലിനൊപ്പം സംസ്ഥാനം പരീക്ഷാച്ചൂടിലേക്കും. മോഡൽ പരീക്ഷകൾ അവസാനിച്ച് സ്കൂൾ വിദ്യാർഥികൾ വാർഷികപ്പരീക്ഷയുടെ അവസാനവട്ട ഒരുക്കത്തിലാണ്. സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തിങ്കളാഴ്ച്ചത്തുടക്കമാകും.
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇക്കുറി 4.26 ലക്ഷം വിദ്യാർഥികളും രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 4.45 ലക്ഷം വിദ്യാർഥികളുമാണ് തയാറെടുക്കുന്നത്. മാർച്ച് മൂന്നിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 26ന് അവസാനിക്കും.
3010 പരീക്ഷാ കേന്ദ്രങ്ങളാണ് പത്താം ക്ലാസ് പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഇതിൽ കേരളത്തിൽ 2964ഉം ഗൾഫിൽ ഏഴും ലക്ഷദ്വീപിൽ ഒൻപതും സെന്ററുകളാണുള്ളത്. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 4,45,478 വിദ്യാർഥികളാണ്. ഇവർക്കായി ആകെ 2000 സെന്ററുകളാണ് ഒരുക്കിയിട്ടുള്ളത്.
ഇതിൽ 1981 സെന്ററുകൾ കേരളത്തിനകത്തും എട്ടെണ്ണും ഗൾഫിലും ഒൻപതെണ്ണം ലക്ഷദ്വീപിലും രണ്ടെണ്ണം മാഹിയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ 3,88,756 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കുവേണ്ടി 2,75,173 വിദ്യാർഥികളും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എസ്എസ്എൽസി മൂല്യനിർണയ ക്യാന്പുകൾ ഏപ്രിൽ മൂന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. 72 ക്യാന്പുകളിലായാവും മൂല്യനിർണയം നടത്തുക. എല്ലാ പരീക്ഷയും രാവിലെ 9.30ന് ആരംഭിച്ച് 11.45ന് അവസാനിക്കും.