വടകരക്കാരുടെ മുന്നറിയിപ്പ്; കഞ്ചാവടിച്ചാൽ അടി കിട്ടും, നല്ലയടി
Saturday, March 1, 2025 2:57 AM IST
എം. ജയതിലകന്‍
കോഴിക്കോട്: ഒരു പ്രദേശമാകെ സദാസമയവും ഉണര്‍ന്നിരിക്കുകയാണ്. കണ്ണിലെണ്ണയൊഴിച്ച് നാടിനെ കാക്കാന്‍. യുവതലമുറയുടെ ജീവന് രക്ഷിക്കാന്‍.
നാട്ടില്‍ സമാധനം നിലനില്ക്കുന്നതു കാണാന്‍. അടികൊടുത്തും കേസെടുപ്പിച്ചും മയക്കുമരുന്നു സംഘത്തെ തളയ്ക്കാന്‍ നാടാകെ ഒറ്റ മനസില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു, വടകര മുനിസിപ്പാലിറ്റിയിലെ ഏഴ് വാര്‍ഡുകള്‍ അടങ്ങുന്ന പ്രദേശത്ത്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ കേരളത്തിനു മാതൃകയാകുകയാണ് ഇവിടം. വടകര താഴെ അങ്ങാടി കേന്ദ്രീകരിച്ച് രൂപംകൊണ്ട ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയ്ക്ക് സംസ്ഥാനമൊന്നാകെ കൈയടിക്കുകയാണ്.
താഴെ അങ്ങാടിയിലെ ഒരു വിവാഹവീട്ടില്‍ 2023 ഡിസംബറില്‍ നടന്ന ചെറിയൊരു ഗാനമേളയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് മയക്കുമരുന്നെതിനെതിരായ കൂട്ടായ്മയുടെ പിറവിക്ക് വഴിവച്ചത്. ഡാന്‍സും പാട്ടും അരോചകമായിത്തീര്ന്നപ്പോള് നിര്‍ത്തിവയ്ക്കാന്‍ കല്യാണവീട്ടുകാര് ആവശ്യപ്പെട്ടിട്ടും ചെറുപ്പക്കാര്‍ വഴങ്ങിയില്ല. അര്‍ധരാത്രിയിലും തുടര്‍ന്ന പരിപാടി അവസാനിച്ചത് അടിപിടിയിലാണ്.
നാട്ടുകാര്‍ ഇതിന്റെ അടിസ്ഥാന കാരണം തേടിച്ചെന്നപ്പോഴാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നിന്റെ സ്വാധീനം വെളിപ്പെട്ടത്. തെരുവുകളില്‍ ഏറ്റുമുട്ടുന്ന മയക്കുമരുന്നു സംഘങ്ങള്‍ ജനങ്ങളുടെ സ്വൈരജീവതത്തിനുതന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ടാക്കി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ മച്ചിങ്ങലകത്ത് ഫൈസലിന്റെയും വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ഹക്കിമിന്റെയും നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ കൂട്ടായ്മയ്ക്ക് രൂപംനല്കി. ജനകീയ ഇടപെടലിലൂടെ മയക്കുമരുന്നു ലോബിയെ ഒരു വര്‍ഷംകൊണ്ട് പൂര്‍ണമായും തളയ്ക്കാന്‍ ഈ കമ്മിറ്റിക്ക് കഴിഞ്ഞു.
കായികമായി നേരിട്ടും കൈയോടെ മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടി പോലീസിനു കൈമാറിയും ബോധവത്കരണം നടത്തിയുമാണ് പ്രശംസനീയമായ നേട്ടം കൈവരിക്കാന്‍ കൂട്ടായ്മയ്ക്കു കഴിഞ്ഞത്.
മുപ്പതംഗ ചെറുപ്പക്കാരുടെ സംഘമാണ് കൂട്ടായ്മയുടെ കരുത്ത്. ഒരു സ്ഥലത്ത് മിന്നല്‍ വേഗത്തില്‍ ഒത്തുചേര്‍ന്ന് മൂന്നോ നാലോ സംഘങ്ങളായി പിരിഞ്ഞ് മയക്കുമരുന്നു വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതാണ് ഇവരുടെ രീതി. ചെറുത്തുനില്ക്കുന്നവരെ കൈകാര്യം ചെയ്യും.
ഇല്ലെങ്കില്‍ പോലീസിനു കൈമാറും. എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ ഒരു ഉത്തരേന്ത്യക്കാരനടക്കം മൂന്നുപേര്‍ ഇപ്പോള്‍ ജയിലിലാണ്.
സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ സംഘം ചോദ്യം ചെയ്യും. വിശദീകരണം സത്യമാണെന്നു കണ്ടാല്‍ വീട്ടില്‍ പോകാന്‍ ഉപദേശിക്കും. അല്ലാത്തവരെ പിടികൂടും. ഇത്തരത്തില്‍ നിരവധി പേരെ പിടികൂടി പോലീസിനു കൈമാറിയിട്ടുണ്ട്.
തടഞ്ഞുവച്ചു ചോദ്യം ചെയ്തതിനും മറ്റുമായി മയക്കുമരുന്ന് വിരുദ്ധ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ക്കെതിരേയും കേസുണ്ട്. നാട്ടുകാരുടെ ഉദ്യമത്തിനു പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും പൂര്‍ണ പിന്തണ ലഭിച്ചതായി കണ്‍വീനര്‍ എം. ഫൈസലും ചെയര്മാന് പി.എസ്. ഹക്കിമും പറഞ്ഞു.
നാട്ടുകാര്‍ ഒത്തൊരുമിച്ചാല്‍ മയക്കുമരുന്നു സംഘങ്ങളെ ഇല്ലതാക്കാന്‍ കഴിയുമെന്ന് അവര്‍ അടിവരയിടുന്നു.
സംസ്ഥാനത്ത് എല്ലായിടത്തും നാട്ടുകാര്‍ ചേര്‍ന്ന് ഇത്തരത്തില്‍ കൂട്ടായ്മകള്‍ വളര്‍ത്തിയെടുത്താല്‍ യുവതലമുറയുടെ ഭാവി സംരക്ഷിക്കാന്‍ കഴിയും. ജനകീയ ഇടപെടലിലൂടെ മാത്രമേ മയക്കുമരുന്നു സംഘങ്ങളെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്ന് അവര്‍ തറപ്പിച്ചുപറയുന്നു.