സിംബാബ്വെയിൽ നെൽകൃഷിക്ക് പവിഴം ഗ്രൂപ്പ്
Saturday, March 1, 2025 1:21 AM IST
കൊച്ചി: ആഫ്രിക്കൻ രാജ്യമായ സിംബാംബ്വെയിൽ 5000ൽപ്പരം ഏക്കർ സ്ഥലത്തു നെൽകൃഷി ആരംഭിക്കാൻ മുൻനിര അരി ഉത്പാദകരായ പവിഴം ഗ്രൂപ്പിന് അവിടുത്തെ സർക്കാരിൽനിന്നു ക്ഷണം ലഭിച്ചു.
ഇതിന്റെ ഭാഗമായി സിംബാംബ്വെ വ്യവസായ മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പെരുമ്പാവൂരിലെ പവിഴം അരി ഉത്പാദന ഫാക്ടറി സന്ദർശിച്ചു. ട്രേഡ് കമ്മീഷണർ ബൈജു മോഹൻ കുമാർ ഇതുസംബന്ധിച്ച ക്ഷണപത്രം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണിക്കു കൈമാറി.
എൽദോസ് കുന്നപ്പള്ളി എംഎൽഎ, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ഉണ്ണിക്കൃഷ്ണൻ, മെംബർ എം.ഒ. ജോസ്, പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജ്, ഡയറക്ടർമാരായ റോയ് ജോർജ്, ഗോഡ്വിൻ ആന്റണി എന്നിവർ പങ്കെടുത്തു.
പവിഴം കാർഷികമേഖലയുടെ പുരോഗതിക്കായി നടത്തുന്ന ഇടപെടലുകൾ, സംഭാവനകൾ, ഗവേഷണം എന്നിവ പരിഗണിച്ചാണ് നെൽകൃഷി ആരംഭിക്കാനായി പവിഴം ഗ്രൂപ്പിനെ ക്ഷണിച്ചതെന്ന് സിംബാംബ്വെ വ്യവസായ മന്ത്രി അറിയിച്ചു.