ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യ ഹർജി മൂന്നാമതും മാറ്റി
Friday, February 28, 2025 1:15 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും മാറ്റി.
കേസുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാത്തതിനാലാണു വാദം കേൾക്കുന്നത് കോടതി മാറ്റിയത്. മൂന്നാം തവണയാണു റിപ്പോർട്ട് ഇല്ലെന്ന കാരണത്താൽ ഹർജിയിൽ വാദം കേൾക്കുന്നതു മാറ്റിവയ്ക്കുന്നത്.
ഹർജി വീണ്ടും അടുത്ത മാസം നാലിനു പരിഗണിക്കും. കണ്ണൂർ ടൗണ്‍ പോലീസ് എടുത്ത കേസിൽ കണ്ണൂർ എസ്പിയാണ് എതിർകക്ഷി. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ. മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി പോലീസ് കേസ് എടുത്തത്. പ്രതികൾക്കെതിരേ വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങൾക്ക് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് അന്‍പതു ശതമാനം നിരക്കിൽ ഇരുചക്രവാഹനങ്ങൾ നൽകാമെന്നു വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെടുത്തു എന്നാണു കേസ്.