സമരനേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്
Saturday, March 1, 2025 1:21 AM IST
പത്തനംതിട്ട: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കേഴ്സ് അസോസിയേഷൻ നേതാവ് എസ്. മിനിക്കെതിരേ അധിക്ഷേപ വാക്കുകളുമായി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ.
ഇന്നലെ ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് ഹർഷകുമാർ മിനിയെ കടന്നാക്രമിച്ചത്.
മിനി സാംക്രമിക രോഗം പടർത്തുന്ന കീടമാണെന്ന് ഹർഷകുമാർ പറഞ്ഞു. ബസ് സ്റ്റാൻഡുകൾക്ക് മുന്നിൽ പാട്ടകുലുക്കി പിരിവ് നടത്തുന്ന പാർട്ടിയുടെ നേതാവാണ് മിനി. സമരത്തിന്റെ പേരിൽ തിരുവനന്തപുരത്ത് കഴിഞ്ഞുകൂടുകയാണെന്നും ഹർഷകുമാർ പറഞ്ഞു.
കീടം പ്രയോഗം നടത്തിയത് ബോധപൂർവം തന്നെയെന്ന് ഹർഷകുമാർ വേദിക്ക് പുറത്തും പറഞ്ഞു. നികൃഷ്ട ജീവി പരാമർശത്തിന് അർഹതപ്പെട്ടയാളാണ് മിനി. നാക്കിന് എല്ലില്ലാതെ എന്തും വിളിച്ചു പറയുന്ന സ്ത്രീയാണ് മിനിയെന്നും ഹർഷകുമാർ പറഞ്ഞു.
എസ്. മിനിക്കെതിരേ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഡോ.ജോർജ് ജോസഫ് കഴിഞ്ഞദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു. സമരത്തിന് ആധാരമായ വിഷയങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യാൻ മന്ത്രിയുടെ വീട്ടിലെത്തിയപ്പോൾ മന്ത്രിയുടെ ഭർത്താവ് അനുമതി നൽകിയില്ലെന്ന തരത്തിൽ മിനി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്.