സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾക്ക് വെയിറ്റേജ്
Friday, February 28, 2025 2:42 AM IST
തിരുവനന്തപുരം: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിൽ (എസ്പിസി) അംഗങ്ങളായ വിദ്യാർഥികൾക്ക് പോലീസ്, എക്സൈസ്, അഗ്നിരക്ഷ, വനസംരക്ഷണം തുടങ്ങിയ "യൂണിഫോം സർവീസു’കളിലെ നിയമനങ്ങൾക്ക് ഇനിമുതൽ നിശ്ചിത ശതമാനം വെയിറ്റേജ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
എസ്എസ്എൽ സി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് ഈ വിഭാഗങ്ങളിലെ പിഎസ്സി നിയമനങ്ങളിൽ നിശ്ചിത ശതമാനം വെയിറ്റേജ് നൽകും. കായികക്ഷമത അടക്കമുള്ള പരീക്ഷകൾക്കുശേഷം റാങ്ക് പട്ടിക തയാറാക്കുമ്പോഴാകും എസ്പിസി ക്കാർക്ക് ഗ്രേസ് മാർക്ക് മാതൃകയിൽ വെയിറ്റേജ് നൽകുക.
ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലായി നാലു വർഷം പരിശീലനം പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് അഞ്ച് ശതമാനമാണ് വെയിറ്റേജ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലായി നാലു വർഷം പരിശീലനം പൂർത്തിയാക്കുന്ന, ഹൈസ്കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കൻഡറി തലത്തിൽ എ ഗ്രേഡും ലഭിക്കുന്നവർ നാലു ശതമാനം വെയിറ്റേജും ലഭിക്കും.
ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കൻഡറി തലത്തിൽ എ പ്ലസ് ഗ്രേഡും നേടിയവർക്കും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും എ ഗ്രേഡ് നേടിയവർക്കും നാല് ശതമാനം വെയിറ്റേജിന് അർഹതയുണ്ടാകും.
ഹൈസ്കൂൾ തലത്തിലോ ഹയർസെക്കൻഡറി തലത്തിലോ രണ്ടു വർഷം പരിശീലനം പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ഉണ്ടാകും.
ഹൈസ്കൂൾ തലത്തിലോ ഹയർസെക്കൻഡറി തലത്തിലോ രണ്ടു വർഷം പരിശീലനം പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ്.