ആശാ വർക്കർമാരുടെ ഓണറേറിയം;10 വർഷം മുന്പ് കരീം ആവശ്യപ്പെട്ടത് 10,000
Saturday, March 1, 2025 3:01 AM IST
തിരുവനന്തപുരം: പത്തു വർഷം മുന്പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശമാരുടെ സമരത്തോടു പരിഹാസം.
സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശന്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നൽകാനാകില്ലെന്നാണ് എളമരം കരീം ഇപ്പോൾ പറയുന്നത്. എന്നാൽ 2014 ഡിസംബർ എട്ടിന് എളമരം കരീം നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടത് അവരുടെ ഓണറേറിയം പതിനായിരം രൂപയായി ഉയർത്തണമെന്നാണ്.
ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ഈ ആവശ്യം ഉന്നയിച്ചു നടത്തുന്ന സമരം ശ്രദ്ധയിൽപ്പെടുത്തിയായിരുന്നു കരീമിന്റെ സബ്മിഷൻ. അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അതിനു മറുപടി നൽകുകയും ചെയ്തിരുന്നു.
2007ൽ ആശാ വർക്കർമാർ സംസ്ഥാനത്ത് പ്രവർത്തിച്ചുതുടങ്ങിയെങ്കിലും തുടക്കത്തിൽ സംസ്ഥാന സർക്കാർ അവർക്കു പ്രതിഫലമൊന്നും നൽകിയിരുന്നില്ലെന്ന് ശിവകുമാർ മറുപടിയിൽ ചൂണ്ടിക്കാട്ടി.
വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന ബജറ്റിൽ അവർക്കു 300 രൂപ നൽകുമെന്നു പ്രഖ്യാപിക്കുക മാത്രമാണു ചെയ്തത്. തുടർന്നു വന്ന ഉമ്മൻ ചാണ്ടി സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഈ തുക 500 രൂപയായി ഉയർത്തുകയും നൽകിത്തുടങ്ങുകയും ചെയ്തു. ഇതു പടിപടിയായി ഉയർത്തി 700 രൂപയാക്കിയെന്നും 2015 ജനുവരി 31നു മുന്പ് 900 രൂപയായി ഉയർത്തി വിതരണം ചെയ്യുമെന്നും ശിവകുമാർ മറുപടിയിൽ പറഞ്ഞു.