മത്സ്യത്തൊഴിലാളികളോടു കാട്ടുന്നത് വികസന വിരുദ്ധ നിലപാടെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
Saturday, March 1, 2025 2:51 AM IST
തിരുവനന്തപുരം: തീരദേശ വികസനത്തിനായി 2024-25 ബജറ്റിൽ വകയിരുത്തിയ തുകയിൽ 90 കോടിയോളം രൂപ വെട്ടിക്കുറച്ചതു വഴി മത്സ്യത്തൊഴിലാളികളോടു സർക്കാർ കാട്ടുന്നതു ക്രൂരമായ നിലപാടാണെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്. തീരദേശ മേഖലയ്ക്ക് 331.29 കോടി രൂപയാണ് വകയിരുത്തി ഗവർണർ ഒപ്പിട്ട് സഭയിൽ പാസാക്കിയത്.
ഇത് എങ്ങനെയാണു സർക്കാരിന് 241.75 കോടി രൂപയാക്കി ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാകുന്നത്. നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണിത്. കേരളത്തിന്റെ സൈന്യമെന്ന് കൊട്ടിഘോഷിച്ച തൊഴിലാളി സർക്കാർ നടപടിയെ വികസന വിരുദ്ധ നിലപാടായി മാത്രമേ പൊതുസമൂഹം കാണുകയുള്ളൂ.
തീരദേശ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയിൽ 90 കോടി രൂപ വെട്ടിക്കുറച്ച സർക്കാർ നടപടി പുറത്തു കൊണ്ടുവന്ന ദീപിക വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളോടു കാട്ടുന്ന അവഗണയ്ക്ക് സംസ്ഥാന സർക്കാർ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.