വിനോദസഞ്ചാര മേഖലകളെ പ്ലാസ്റ്റിക് നിരോധിത മേഖലയില്‍ ഉള്‍പ്പെടുത്തിയാല്‍ കാരണം വ്യക്തമാക്കണം: കോടതി
Saturday, March 1, 2025 2:59 AM IST
കൊച്ചി: വിനോദസഞ്ചാര മേഖലകളെ പ്ലാസ്റ്റിക് നിരോധിത മേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അതിനു കാരണമെന്തെന്നു വ്യക്തമാക്കണമെന്ന് ഹൈക്കോടതി.
മലയോര വിനോദസഞ്ചാര മേഖലകളെ ഉള്‍പ്പെടുത്തി തയാറാക്കാന്‍ നിര്‍ദേശിച്ച പട്ടികയില്‍ ഇതുമായി ബന്ധമില്ലാത്ത സ്ഥലങ്ങളും ഉള്‍പ്പെട്ടതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ ബെച്ചു കുര്യന് തോമസ്, പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് ഈ നിര്‍ദേശം നല്‍കിയത്.
രണ്ടു ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി 79 സ്ഥലങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയാണു സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ പ്രദേശങ്ങള്‍ എന്തടിസ്ഥാനത്തിലാണു മലയോര വിനോദസഞ്ചാര മേഖല സംബന്ധിച്ച പട്ടികയില്‍ ഉള്‍പ്പെട്ടതെന്നു പ്രത്യേകം പരാമര്‍ശിച്ച് വിശദീകരണം നല്‍കാനാണു നിര്‍ദേശം.
ഏപ്രില്‍ ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം ലക്ഷ്യമിട്ടാണു നീക്കമെന്നും കോടതി വ്യക്തമാക്കി. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ഹരജികളാണു കോടതി പരിഗണിച്ചത്.
""ബ്രഹ്മപുരത്ത് മതിയായ ശേഷി ഉറപ്പുവരുത്തിയിട്ടു മതി മാലിന്യമെത്തിക്കൽ''
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിനു മതിയായ ശേഷി ഉറപ്പുവരുത്തിയിട്ടു മാത്രമേ പുറത്തുനിന്നുള്ള മാലിന്യമെത്തിക്കാവൂ എന്ന് ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി വ്യക്തമാക്കി. നിലവില്‍ കൊച്ചി കോര്‍പറേഷനിലെയും സമീപസ്ഥലങ്ങളിലെയും മാലിന്യങ്ങളാണ് ഇവിടെ എത്തിക്കുന്നത്.
മറ്റിടങ്ങളില്‍നിന്ന് മാലിന്യം കൊണ്ടുവരുന്നതിന് എതിര്‍പ്പില്ല. എന്നാല്‍, ശേഷിക്കപ്പുറം മാലിന്യമെത്തിക്കുന്നത് രൂക്ഷമായ പ്രശ്നത്തിനിടയാക്കും. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട മാസ്റ്റര്‍പ്ലാനിന് അംഗീകാരം നല്കുന്ന കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണം.
പദ്ധതിക്കുവേണ്ടിയുള്ള മുഴുവന്‍ ഭൂമിയും ഉള്‍പ്പെടുത്തി മാസ്റ്റര്പ്ലാനുണ്ടാക്കണം. അല്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ പിന്നീട് പൊളിച്ചുപണിയുന്നത് അപ്രായോഗികമാണ്. മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കാര്യക്ഷമാക്കുന്നതു സംബന്ധിച്ചും കോടതി നിര്‍ദേശം നല്കി.