പ്രത്യേക അഫിലിയേഷൻ വേണ്ട; സിബിഎസ്ഇ സ്കൂളുകൾക്ക് പുതിയ ശാഖകൾ തുടങ്ങാം
Saturday, March 1, 2025 2:51 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ് വരുത്തി സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ). നിലവിലുള്ള നിയമ പ്രകാരം സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റുകൾക്ക് മറ്റൊരു സ്കൂൾ തുടങ്ങാൻ പ്രത്യേക അഫിലിയേഷൻ നിർബന്ധമായിരുന്നു.
ഇനി മുതൽ അത് വേണ്ടെന്നാണ് ബോർഡ് തീരുമാനം. ഒരേ പേരും അഫിലിയേഷൻ നമ്പരും ഉപയോഗിച്ച് സ്കൂളുകളുടെ ശാഖകൾ തുടങ്ങാൻ അനുമതി നൽകുന്നതാണ് ബോർഡിന്റെ പ്രധാന പരിഷ്കരണം.
2026-27 അക്കാദമിക് സെഷൻ മുതൽ സിബിഎസ്ഇ പോർട്ടലിൽ ഇതു സംബന്ധിച്ചുള്ള അപേക്ഷകൾ സ്വീകരിക്കും.ഒരേ പേരും അഫിലിയേഷൻ നമ്പരും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന സ്കൂളുകൾക്ക് വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യങ്ങളും ഇതര സംവിധാനങ്ങളും പ്രത്യേകം ഉണ്ടായിരിക്കമെന്നും പ്രധാന നിബന്ധനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് പ്രധാന സ്കൂളിൽ നിന്ന് ശാഖാ സ്കൂളിലേക്ക് മാറുന്നതിന് തടസങ്ങൾ ഒന്നും ഉണ്ടാകില്ല.എന്നാൽ ഇത്തരത്തിലെ മാറ്റം പുതിയ അഡ്മിഷനായി പരിഗണിക്കുകയില്ലന്നും സിബിഎസ്ഇ പുറത്തിറക്കിയ പുതിയ ചട്ടത്തിൽ പറയുന്നു. പ്രധാന സ്കൂളിൽ ആറു മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ അധ്യയനം നടത്താനാണ് നിലവിൽ അനുമതിയുള്ളത്.
എന്നാൽ ശാഖാ സ്കൂളുകൾക്ക് പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള പഠനം നടത്താൻ മാത്രമേ അനുവാദം ഉണ്ടാകുകയുള്ളൂ. പ്രധാന സ്കൂളിന്റെയും ശാഖയുടെയും മാനേജ്മെന്റും ഉടമസ്ഥതയും ഒന്നു തന്നെ ആയിരിക്കും. ഇവിടങ്ങളിൽ ഒരേ തരത്തിലുള്ള പഠന-അഡ്മിനിസ്ട്രേറ്റീവ് രീതികൾ പിന്തുടരുകയും വേണം.
സ്കൂളുകളുടെ വെബ്സൈറ്റും ഒന്നു തന്നെ ആയിരിക്കണം. എന്നാൽ അതിനുള്ളിൽ ഉപസ്കൂളിന് പ്രത്യേക സെക്ഷൻ ഉണ്ടായിരിക്കണമെന്നും ബോർഡിന്റെ പുതിയ ചട്ടത്തിൽ നിഷ്കർഷിക്കുന്നു. അഡ്മിഷനുകളും അക്കൗണ്ടുകളും പ്രധാന സ്കൂളിന്റെ മേൽനോട്ടത്തിൽ തന്നെയാണ് നടത്തേണ്ടത്. അഞ്ചാം ക്ലാസ് വരെ ശാഖാ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആറാം ക്ലാസിൽ സ്വമേധയാ പ്രധാന സ്കൂളിലേക്ക് മാറ്റപ്പെടും. ഇത് പുതിയ അഡ്മിഷനായി കണക്കാക്കില്ല.
ഇരു സ്കൂളുകൾക്കും പ്രത്യേക അധ്യാപക - അനധ്യാപക ജീവനക്കാർ ഉണ്ടാവും. എന്നാൽ ഇവർക്ക് ശമ്പളം വിതരണം ചെയ്യേണ്ടത് പ്രധാന സ്കൂളിൽ നിന്നുതന്നെ ആയിരിക്കണമെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നു. മാത്രമല്ല സിബിഎസ്ഇയുടെ എല്ലാ ആശയ വിനിമയങ്ങളും പ്രധാന സ്കൂളിന്റെ പ്രിൻസപ്പലുമായിട്ടായിരിക്കുമെന്നും പുതിയ നിബന്ധനകളിൽ എടുത്തു പറയുന്നുമുണ്ട്.