വയനാട് പുനരധിവാസം; വീട് ഏഴു സെന്റിൽ
Friday, February 28, 2025 2:42 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ് മുനിസിപ്പൽ പ്രദേശത്തു സ്ഥിതിചെയ്യുന്ന എൽസ്റ്റണ്‍ എസ്റ്റേറ്റിൽ മാത്രമായി ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇവിടെ ഏഴ് സെന്റ് സ്ഥലത്ത് ഒരു വീടുവീതം നിർമിച്ചുനൽകാനും തീരുമാനിച്ചു. ദുരന്തബാധിത കുടുംബങ്ങളുടെ പട്ടിക 430ൽ അധികരിക്കാത്ത സാഹചര്യത്തിലാണ് ടൗണ്‍ഷിപ്പ് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചത്.
സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽബാധിത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ 15 ലക്ഷം രൂപയ്ക്കായി അപേക്ഷ നൽകിയവരെ ടൗണ്‍ഷിപ്പിൽനിന്ന് ഒഴിവാക്കും.
നേരത്തേ എൽസ്റ്റണ്‍ എസ്റ്റേറ്റിനൊപ്പം നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുത്ത് ടൗണ്‍ഷിപ് നിർമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കുടുംബങ്ങൾ കുറവായ സാഹചര്യത്തിൽ നെടുമ്പാലയെ ഒഴിവാക്കുകയായിരുന്നു. എൽസ്റ്റണിൽ അഞ്ചു സെന്റും നെടുമ്പാലയിൽ 10 സെന്റുമായിരുന്നു പരിഗണിച്ചിരുന്നത്. ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ ഇത് ഏഴു സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃക്രമീകരിക്കാൻ തീരുമാനിച്ചു.
നോ ഗോ സോണിനു പുറത്തായി സ്ഥിതിചെയ്യുന്ന, ദുരന്തം മൂലം ഒറ്റപ്പെട്ടുപോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുള്ള കരട് ഫേസ് 2 ബി പട്ടികയിൽ നോ-ഗോ സോണിന്റെ പരിധിയിൽനിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിക്കാനും തീരുമാനിച്ചു.
ഭൂമിക്കു വരുമാനപരിധി ബാധകമാകില്ല
ഭൂമി പതിച്ചു നൽകാൻ ഗുണഭോക്താവിന്റെ വരുമാനപരിധി കണക്കാക്കില്ല. റെസിഡൻഷൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിറ്റബിൾ ആയിരിക്കും. 12 വർഷം അന്യാധീനപ്പെടുത്താൻ പാടില്ല.
റെസിഡൻഷൽ യൂണിറ്റും വീടും ജീവിച്ചിരിക്കുന്നതിന് അനുസരിച്ച് ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കും. ഭൂമിയും വീടും 12 വർഷത്തിനു മുമ്പ് അവശ്യഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാരിന് തീരുമാനം കൈക്കൊള്ളാം.
ഒരു വീടിന് സ്പോണ്‍സർഷിപ്പ് 20 ലക്ഷം
ഒരു വീട് നിർമിച്ചു നൽകുന്നതിന് സ്പോണ്‍സർഷിപ്പ് തുക 20 ലക്ഷം രൂപയാക്കി കുറയ്ക്കും. നേരത്തേ ഇത് 25 ലക്ഷം രൂപയായിരുന്നു.
ദുരന്തബാധിതർക്ക് നിലവിലുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും.
സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പണ്‍ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സിഎസ്ആർ ഫണ്ടിൽനിന്നു നൽകാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.