മുല്ലപ്പെരിയാർ കനാലിൽ മലിനജലം: തമിഴ്നാട് പിടിമുറുക്കുന്നു
Friday, February 28, 2025 1:15 AM IST
പ്രസാദ് സ്രാന്പിക്കൽ
കുമളി: മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലേക്ക് കുമളി ടൗണ് ഉൾപ്പെടെ പരിസരപ്രദേശങ്ങളിലെ മലിനജലം എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട് ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ കേസ് ശക്തമാക്കി.
കുമളിയിലെയും പരിസര പ്രദേശങ്ങളിലെയും മലിനജലം ശുദ്ധീകരിക്കാൻ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യം കേരളം പരിഗണിക്കാത്തതിനെതിരേയാണ് തമിഴ്നാട് നീക്കം ശക്തമാക്കിയിരിക്കുന്നത്.
മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കഴിഞ്ഞ ആറിന് ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സമിതി കുമളി പ്രദേശങ്ങളും ആനവച്ചാൽ വഴി മലിനജലം മുല്ലപ്പെരിയാർ കനാലിലെത്തുന്ന പ്രദേശങ്ങളും വിശദമായി പരിശോധിച്ചു.
മൂന്നംഗ സമിതിയിൽ ഒരാൾ ഹരിത ട്രൈബ്യൂണൽ അംഗവും മറ്റ് രണ്ട് പേർ കേരളത്തിന്റെ ജലമലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ ഉദ്യോഗസ്ഥരുമായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനം.
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും മലിനജലം അതിൽ കലരുന്നുണ്ടെന്നുമാണ് ഹരിത ട്രൈബ്യൂണലിലെ തമിഴ്നാടിന്റെ പ്രധാന വാദം.
കുളിക്കാനും കൃഷി ഉൾപ്പെടെ മറ്റ് കാര്യങ്ങൾക്കും വെള്ളം ഉപയോഗിക്കുന്നതായി തമിഴ്നാട് പറയുന്നു. റോസാപ്പൂക്കണ്ടം, മന്നാക്കുടി, അട്ടപ്പള്ളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള തോടുകളിലെ വെള്ളം ആനവച്ചാലിലാണ് എത്തുക.
ഈ വെള്ളമാണ് മുല്ലപ്പെരിയാർ കനാലിലും ചേരുന്നത്. ആയിരക്കണക്കിന് ജനങ്ങളും ആയിരത്തിലധികം ഹോം സ്റ്റേകളും ഹോട്ടലുകളും സ്ഥാപനങ്ങളും ഉള്ള പ്രദേശത്തുനിന്നുള്ള വെള്ളമാണ് ആനവച്ചാൽ വഴി മുല്ലപ്പെരിയാർ കനാലിലെത്തുന്നത്.
ഹരിത ട്രൈബ്യൂണലിലെ കേസ് തമിഴ്നാടിന് അനുകൂലമായാൽ കുമളിയിലെയും പരിസര പ്രദേശങ്ങളിലെയും ടൂറിസം പ്രവർത്തനങ്ങളും പൊതുജന ജീവിതവും ബുദ്ധിമുട്ടിലാകും. ഹരിത ട്രൈബ്യൂണലിൽ കേസ് പരാജയപ്പെട്ടാൽ തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കും.
അതിനുള്ള നടപടി ക്രമങ്ങളാണ് തമിഴ്നാട് പൂർത്തിയാക്കി വരുന്നത്. കുമളിയിലിലെയും പ്രരിസരപ്രദേശങ്ങളിലെയും മലിനജലം ശുദ്ധീകരിച്ച് തേക്കടി കനാലിലെത്തിക്കുക എന്നത് അപ്രായോഗിക നടപടിയുമാണ്.