ഏപ്രിൽ മുതല്‍ കെഎസ്ആർടിസിയിൽ ഒന്നാം തീയതി ശമ്പളം: മന്ത്രി
Friday, February 28, 2025 1:15 AM IST
ചങ്ങനാശേരി: ഏപ്രില്‍ മുതല്‍ ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കാനും 12 മാസത്തേക്ക് മുടങ്ങാതെ പെന്ഷന് നല്‍കാനും നടപടികളായെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്. ചങ്ങനാശേരിയില്‍ പുതുതായി നിര്‍മിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
സാധാരണക്കാര്‍ക്കും എയര്‍ കണ്ടീഷന്‍ ബസില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കും. ഇതിനായി ഏതാനും സ്വിഫ്റ്റ് ബസുകള്‍ വലിയ ചാര്‍ജ് വര്‍ധന ഇല്ലാതെ എസിയാക്കും. കേരളത്തിന്റെ യാത്രാ സംസ്കാരംതന്നെ മാറാന്‍ ഇത് കാരണമാകും.
ബസുകള്‍ സംബന്ധിച്ച വിവരങ്ങളറിയാന്‍ വൈകാതെ ചലോ ആപ്പ് സംവിധാനം കൊണ്ടുവരും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മാത്രമല്ല, ബസ് എവിടെയെത്തി, സീറ്റ് ഒഴിവുണ്ടോ തുടങ്ങിയ കാര്യങ്ങളും ആപ്പിലൂടെ മനസിലാക്കാന്‍ കഴിയും.
സീറ്റ് ഉണ്ടെങ്കില്‍ ബസ് പുറപ്പെട്ടു കഴിഞ്ഞും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഈ ആപ്പ്. ഡെബിറ്റ് കാര്‍ഡ് വഴിയും യുപിഐ സംവിധാനം വഴിയും ബബസില് പണമടയ്ക്കാം.
റീചാര്‍ജ് ചെയത് ഉപയോഗിക്കാവുന്ന കെഎസ്ആര്‍ടിസി കാര്‍ഡുകളും വീണ്ടും കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ വഴി വില്‍ക്കുന്ന ഇവ വാങ്ങി ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വ്യാപാരികള്‍ക്കും ഇത് ഗുണം ചെയ്യും.
ആദ്യഘട്ടത്തില്‍ ഒരു ലക്ഷം കാര്‍ഡുകള്‍ ഇറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പുതിയ ബസ് വാങ്ങുമ്പോള്‍ പഴയ ബസ് താഴേ തട്ടിലുള്ള സര്‍വീസുകള്‍ ആക്കി മാറ്റുന്ന രീതിയും നിര്‍ത്തുകയാണ്. ഇനി ഓര്‍ഡിനറി ബസുകള്‍ മുതല്‍ എല്ലാം പുതിയതായി വാങ്ങും.