കള്ളിൽ കഫ് സിറപ്പ് ; രണ്ടു ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Saturday, March 1, 2025 1:21 AM IST
പാലക്കാട്: കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നന്പർ ഒന്പതിലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളുടെ ലൈസൻസുകളാണ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞദിവസമാണ് കള്ളിന്റെ വീര്യം കൂട്ടുന്നതിനു രണ്ടു ഷാപ്പുകളിലും കഫ് സിറപ്പ് ചേർക്കുന്നതായി എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. വേനൽക്കാലത്തു കള്ളിന്റെ ക്ഷാമം മറികടക്കാൻ കൃതിമക്കള്ള് നൽകുന്നുണ്ടെന്നും ഇതു കണ്ടെത്തുന്നതിനു പരിശോധന ശക്തമാക്കുമെന്നും എക്സൈസ് കമ്മീഷണർ വൈ. ഷിബു പറഞ്ഞു. ചിറ്റൂരിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കും.
അതേസമയം, കള്ളിൽ കഫ്സിറപ്പ് കണ്ടെത്തിയതിനുപിന്നിൽ ഐഎൻടിയുസി ഗൂഢാലോചനയാണെന്നു ഷാപ്പ് ലൈസൻസി ശിവരാജൻ ആരോപിച്ചു. തൊഴിൽതർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ തൊഴിലാളികൾ ചേർന്നു നടത്തിയതാണോ ഇതെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളിൽനിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. ഈ സാന്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.