സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും
Saturday, March 1, 2025 3:01 AM IST
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയുന്നതിനുള്ള മാസ്റ്റർപ്ലാൻ വേഗത്തിൽ തയാറാക്കണമെന്നു പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിന്റെ ശിപാർശ.
ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയാനുള്ള മാസ്റ്റർപ്ലാൻ തയാറാക്കാൻ ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കം സർക്കാർ തുടങ്ങി. സെക്രട്ടേറിയറ്റ് അനക്സ്-രണ്ടിലെ വിപുലീകരണ നടപടികൾ വേഗത്തിലാക്കാനും ശിപാർശയുണ്ട്.
സ്റ്റാച്യുവിലെ സെക്രട്ടേറിയറ്റ് മന്ദിരം പൈതൃകസ്മാരകമായി നിലനിർത്തി സെക്രട്ടേറിയറ്റ് നഗരത്തിനു പുറത്തേക്കു മാറ്റി സ്ഥാപിക്കണമെന്നു ഭരണപരിഷ്കാര കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. എന്നാൽ, ജീവനക്കാരുടെ സംഘടനകൾ അടക്കമുള്ളവരുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി തത്കാലത്തേക്കു വേണ്ടെന്നു വച്ചു. ഇതിനിടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയണമെന്ന നിർദേശം മുന്നോട്ടു വച്ചത്. നിലവിലെ സെക്രട്ടേറിയറ്റ് മന്ദിരം 1860ൽ ആയില്യം തിരുനാളിന്റെ ഭരണകാലത്താണ് നിർമാണം തുടങ്ങിയത്.
1869 ൽ മന്ദിരം പ്രവർത്തനസജ്ജമാക്കി. പിന്നീട് പലപ്പോഴായി നടന്ന വികസനത്തിലാണ് സാൻഡ്വിച്ച് ബ്ലോക്കുകൾ അടക്കം നിർമിക്കപ്പെട്ടത്. പൈതൃക സ്മരണ നിലനിർത്തിയായിരുന്നു നിർമാണ പ്രവർത്തനങ്ങൾ.
ഇതോടൊപ്പം സെക്രട്ടേറിയറ്റിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയൽ റണ് നടത്തിയ ശേഷം പ്രവർത്തനസജ്ജമാക്കണമെന്നും തുടർനടപടിക്കായി പൊതുഭരണ ഹൗസ്കീപ്പിംഗ് വിഭാഗത്തെ ഏൽപ്പിക്കാനും തീരുമാനിച്ചു.
ചില ജീവനക്കാർ ഗാർഹിക മാലിന്യങ്ങൾ സെക്രട്ടേറിയറ്റിനുള്ളിൽ കൊണ്ടുവന്നു തള്ളുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാനും നിർദേശിച്ചു.