വെടിക്കെട്ട് സ്ഥലത്തേക്ക് ആനകളെ എന്തിന് കൊണ്ടുപോകുന്നു? ; വീണ്ടും വിമര്‍ശനവുമായി കോടതി
Friday, February 28, 2025 1:15 AM IST
കൊച്ചി: ആനകളെ വെടിക്കെട്ട് അസ്വസ്ഥതപ്പെടുത്തുന്നുവെങ്കില്‍ എന്തിന് അവിടേക്ക് കൊണ്ടുപോകുന്നുവെന്ന് ഹൈക്കോടതി. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടിയപ്പോള്‍ പേടിച്ചാകാമെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണത്തെത്തുടര്ന്നായിരുന്നു കോടതിയുടെ ചോദ്യം.
വെടിക്കെട്ടുള്ളിടത്ത് ആനകളെ കൂച്ചുവിലങ്ങിടാതെ നിര്‍ത്താന്‍ പറ്റില്ലെന്നു പറയുന്നതിന്റെ അര്‍ഥം അവയെ ഈ ശബ്ദം അത്രകണ്ട് അലോസരപ്പെടുത്തുന്നുവെന്നാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വവുമടക്കം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയില്‍നിന്നു കൊണ്ടുപോയ ഗോകുല്‍, പീതാംബരന് എന്നീ ആനകളാണ് ഇടഞ്ഞത്. ആനകള്‍ക്കും പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്ജന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെടിക്കെട്ട് നടക്കുന്നിടത്ത് ആനകളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തിയില്ലെങ്കില്‍ ഭയന്നോടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്.നൂറു മീറ്റര്‍ അകലെയാണെങ്കിലും വെടിക്കെട്ടിന്റെ ശബ്ദം ആനകള്‍ക്ക് അലോസരമുണ്ടാക്കാമെന്നും കോടതി വിലയിരുത്തി.
ഇടഞ്ഞ പീതാംബരന് എന്ന ആനയ്ക്ക് ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കിലും ഉടമസ്ഥതാസര്ട്ടിഫിക്കറ്റ് ഇല്ലെന്ന് ദേവസ്വം വെളിപ്പെടുത്തി. അപേക്ഷ വനംവകുപ്പിന്റെ പരിഗണനയിലാണ്. ഉടമസ്ഥതാസര്ട്ടിഫിക്കറ്റ് ഇല്ലാത്ത പത്ത് ആനകള്‍ പുന്നത്തൂര്‍ കോട്ടയിലുണ്ടെന്നും അറിയിച്ചു.
ഉടമസ്ഥതാസര്ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ പുറത്തുകൊണ്ടുപോകുന്നത് എങ്ങനെയെന്നു ചോദിച്ച കോടതി, ഇതിലെ നിയമപ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദമായ വാദം നടത്താനും കക്ഷികളോടു നിര്‍ദേശിച്ചു. ഗുരുവായൂര്‍ ആനക്കോട്ടയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏഷ്യന്‍ എലിഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.