എസ്റ്റാബ്ലിഷ്മെന്റ് ചാർജ് : ഉത്തരവിൽ ഭേദഗതി വരുത്തും
Friday, February 28, 2025 1:15 AM IST
തിരുവനന്തപുരം: സർക്കാരിനായി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്പോൾ എസ്റ്റാബ്ലിഷ്മെന്റ് ചാർജ് അടയ്ക്കുന്ന ഉത്തരവിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കെഎംആർഎൽ, കെഎസ്ഐഡിസി, കിൻഫ്ര, വിഐഎസ്എൽ, കെഎസ്ആർടിസി, കെആർഎഫ്ബി മുതലായ പൊതുമേഖലാ സ്ഥാപനങ്ങളെ 30 ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച ഉത്തരവിലാണു ഭേദഗതി വരുത്തുക.
വിവിധ സർക്കാർ ഏജൻസികൾ റിക്വയറിംഗ് ബോഡിയായി സർക്കാരിനായി നടപ്പാക്കുന്ന പദ്ധതികൾക്ക് എസ്റ്റാബ്ലിഷ്മെന്റ് കോസ്റ്റ് ഒഴിവാക്കി നൽകും.
പൊതുമേഖലാ സ്ഥാപനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്പോൾ സർക്കാരിനുവേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികൾക്ക് ഓരോ കേസും പ്രത്യേകം പരിശോധിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിനു വിധേയമായി എസ്റ്റാബ്ലിഷ്മെന്റ് കോസ്റ്റ് പൂർണമായോ ഭാഗികമായോ ഒഴിവാക്കി നൽകാനും തീരുമാനിച്ചു.