അനധികൃത ബോര്‍ഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കണം
Friday, February 28, 2025 1:15 AM IST
കൊച്ചി: അനധികൃത ബോര്‍ഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച കോടതി ഉത്തരവ് ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ 48 മണിക്കൂറിനകം എല്ലാ സെക്രട്ടറിമാര്‍ക്കും ലഭ്യമാക്കാന്‍ തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്കി.
ഒരാഴ്ചയ്ക്കു ശേഷമുണ്ടാകുന്ന പരാതികളില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ പക്കല്‍നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ഹൈക്കോടതിയുടെ നിരന്തര ഇടപെടലുകളെത്തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ഫ്ലക്സ് ബോർഡുകള്‍ കുറഞ്ഞിട്ടുണ്ട്.
എന്നാല്‍, കൊല്ലം അടക്കം മറ്റു മേഖലകളില്‍ രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും ബോര്‍ഡുകള്‍ നിരവധിയുണ്ടെന്ന് കോടതി വിലയിരുത്തി.