താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം
Saturday, March 1, 2025 2:51 AM IST
താമരശേരി: താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം.
എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹബാസിന് (15) ആണു പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളായ അഞ്ച് പേരെ താമരശേരി പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കി.
വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിനു സമീപം വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഘർഷം. കഴിഞ്ഞ ഞായറാഴ്ച താമരശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടി നടന്നിരുന്നു.
ഇതിൽ എളേറ്റിൽ വട്ടോളിയിലെ സ്കൂളിലെ വിദ്യാർഥിയുടെ ഡാൻസിനിടെ പാട്ട് നിന്നുപോയതിനെത്തുടർന്ന് താമരശേരി സ്കൂളിലെ ഏതാനും കുട്ടികൾ കൂക്കിവിളിച്ചു. ഇതോടെ ഇരു സ്കൂളിലെയും കുട്ടികൾ തമ്മിൽ തർക്കമായി.പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട് മാറ്റിയാണ് രംഗം ശാന്തമാക്കിയത്.
എന്നാൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രകോപനം തുടർന്ന ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ വ്യാഴാഴ്ച വൈകുന്നേരം ട്യൂഷൻ സെന്ററിനു സമീപം വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. തളർന്ന അവസ്ഥയിൽ വീട്ടിലെത്തിയ കുട്ടിയോട് വീട്ടുകാർ വിവരം തിരിക്കിയപ്പോഴാണ് സംഘർഷത്തെക്കുറിച്ച് അറിയുന്നത്.