വയനാട് പുനരധിവാസം; എൽസ്റ്റണ്‍ ടൗണ്‍ഷിപ്പ് ഡിസംബറിനകം പൂർത്തിയാക്കാൻ സർക്കാർ
Saturday, March 1, 2025 2:59 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിന്റെ ഭാഗമായി എൽസ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് ഈ വർഷംതന്നെ പൂർത്തിയാക്കുക സർക്കാർ ലക്ഷ്യം.
ഈ വർഷം അവസാനത്തോടെ കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് നിർമാണം നടത്തി 430 കുടുംബങ്ങൾക്കുള്ള വീടും നിർമിച്ചു പുനരധിവാസ നടപടി പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി 2026 മേയ് മാസത്തിൽ കഴിയുമെന്നിരിക്കേ അതിനു മുൻപുതന്നെ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് ഇനി വേഗത്തിലുള്ള നീക്കങ്ങൾ. എൽസ്റ്റണ്‍ എസ്റ്റേറ്റിലെ റോഡുകൾ ആദ്യഘട്ടത്തിൽ ശരിയാക്കും.തുടർന്ന് അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം എന്നിവ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
രൂപരേഖയുടെ അടിസ്ഥാനത്തിൽ പ്ലോട്ടുകൾ വേർതിരിച്ചു നൽകും. ഇവിടെ സ്പോണ്‍സർമാരുടെ ചെലവിലാകും 1000 ചതുരശ്ര അടി വീതമുള്ള വീടുകൾ 20 ലക്ഷം രൂപ ചെലവിൽ നിർമിക്കുക. ജില്ലാ കളക്ടറെ ഒഴിവാക്കി, വയനാട് പുനർനിർമാണത്തിനായി സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫീസർ എസ്. സുഹാസ് ഏകോപനം നിർവഹിക്കും.
ടൗണ്‍ഷിപ്പ് വേണ്ടാത്തവർക്ക് 15 ലക്ഷം
ടൗണ്‍ഷിപ്പിൽ താമസിക്കാൻ ഉദ്ദേശിക്കാത്ത ദുരന്തബാധിതർക്ക് വീടിനും സ്ഥലത്തിനുമായി 15 ലക്ഷം രൂപ വീതം നൽകും. ദുരന്തബാധിതരെ കൂടാതെ നോ ഗോണ് മേഖലയിലുള്ളവർ, ഇതിനു സമീപത്ത് 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ എന്നിവരെയും പുനരധിവസിപ്പിക്കുന്നവരുടെ പട്ടികയിലുൾപ്പെടുത്താനാണു തീരുമാനം.
വീടുകളുടെ നിർമാണം നടക്കുന്നതിനിടെ പൊതുസ്ഥലങ്ങളുടെയും പൊതുകെട്ടിടങ്ങളുടെയും നിർമാണം ഊരാളുങ്കൽ സൊസൈറ്റി സമാന്തരമായി നടത്തും. വയനാട് പുനർനിർമാണത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച കാപ്പക്സ് വായ്പയിൽ ഉൾപ്പെടുത്തിയാകും റോഡ്, കനാൽ, പാലം, പൊതുകെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണം നടത്താനുമാണു സർക്കാർ തീരുമാനം.
കോടതി അനുമതിയോടെ നെടുന്പാല എസ്റ്റേറ്റിലും ടൗണ്‍ഷിപ്പ് നിർമാണം നടത്തുമെന്നു സർക്കാർ ഉത്തരവിറക്കിയെങ്കിലും ഉത്തരവ് റദ്ദാക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ നടപടി ഉടൻ സ്വീകരിക്കില്ല.
കിഫ്ബിയും കിഫ്കോണും നേതൃത്വം നൽകും
കിഫ്ബിയും നിർവഹണ ഏജൻസിയായ കിഫ്കോണും നിർമാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയാകും കരാർ ഏറ്റെടുത്തു നിർമാണം. ഏഴു സെന്റ് വീതം സ്ഥലത്ത് സ്പോണ്സർമാരെക്കൊണ്ടാകും ഭൂരിഭാഗം വീടുകളും നിർമിപ്പിക്കുക.
20 ലക്ഷം രൂപയാണ് ഒരു വീടിന് എസ്റ്റിമേറ്റ് തുക കണക്കാക്കിയിട്ടുള്ളത്. ഇതിൽ താഴെ തുക സ്പോണ്സർ ചെയ്യുന്നവർക്ക് 20 ലക്ഷം രൂപ കണക്കാക്കി വീടുകളുടെ എണ്ണം ആനുപാതികമായി ക്രമീകരിക്കും. സർക്കാർ നിശ്ചയിച്ച അളവിലും നിർദേശിച്ച മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി വീടു നിർമിക്കാൻ തയാറായി മുന്നോട്ടു വന്നിട്ടുള്ളവർക്ക് അനുമതി നൽകും.
നിർമാണ മേൽനോട്ടത്തിനും സംവിധാനമൊരുക്കും. ബാക്കി വീടുകൾ നിർമിക്കേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഉപയോഗിച്ചു വീട് നിർമിക്കും.