കേന്ദ്ര സർക്കാരുകൾ പരിഗണിച്ചില്ലെന്ന് ആശാ ഫെഡറേഷൻ
Saturday, March 1, 2025 1:21 AM IST
തിരുവനന്തപുരം: മാറി മാറി വന്ന കേന്ദ്രസർക്കാരുകൾ ആശമാരെ പരിഗണിച്ചില്ലെന്നു ആശാ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ടി. പി. പ്രേമ. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ആശാ വർക്കർ ഏജീസ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടി. പി . പ്രേമ.
ആശാമാരുടെ പ്രവർത്തനം ആരംഭിക്കുന്പോൾ കോണ്ഗ്രസ് ആണ് കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത്. അവർ പരിഗണിച്ചില്ല. അന്ന് സംസ്ഥാനത്തും സമരം ചെയ്തു. സെക്രട്ടേറിയറ്റിൽ മുന്നിൽ അനിശ്ചിതകാല സമരരവും ആരംഭിച്ചു.
ഒടുവിൽ സംസ്ഥാന സർക്കാർ കുടിശികയുണ്ടായിരുന്ന രണ്ടുമാസത്തെ ഓണറേറിയം അനുവദിച്ചു. പക്ഷേ കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്ന് ടി. പി. പ്രേമ പറഞ്ഞു.
ആശാമാരുടെ ആവശ്യങ്ങൾക്കായി ശക്തമായ പോരാട്ടം നടത്തിയിട്ടുള്ളത് ഇടതുപക്ഷമാണെന്നു പ്രതിഷേധ ധർണയിൽ പ്രസംഗിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പ്രസ്താവനകളാണ് ഒരു വിഭാഗത്തെ സെക്രട്ടേറിയറ്റിന് മുന്നിലേക്കെത്തിച്ചതെന്നും അബദ്ധം മനസിലാക്കി അവർ തിരിച്ചു വരുമെന്നും സി.എസ്. സുജാത കൂട്ടിച്ചേർത്തു.