കെപിസിസി അധ്യക്ഷനെ മാറ്റാൻ ചര്‍ച്ചകൾ നടന്നിട്ടില്ലെന്ന് സതീശൻ
Friday, February 28, 2025 1:15 AM IST
കൊച്ചി: കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതു സംബന്ധിച്ച ഒരു ചര്‍ച്ചയും ഇവിടെയോ ഡല്‍ഹിയിലോ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം കെപിസിസി യോഗം കഴിഞ്ഞതേയുള്ളൂ. അതിനുശേഷമാണ് വാര്‍ത്തകള്‍ വന്നത്. കേരളത്തിന്റെ മാത്രം യോഗമല്ല ഡല്‍ഹിയില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാര്‍, പശ്ചിമ ബംഗാള്‍, ആസാം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ഡല്‍ഹിയില്‍ വിവിധ ദിവസങ്ങളിലായി നടക്കും
. ഇതൊക്കെ അറിയാമായിരുന്നിട്ടും കേരളത്തില്‍ എന്തോ പ്രശ്നമുള്ളതുകൊണ്ട് നേതാക്കളെ വിളിപ്പിച്ചെന്ന തരത്തിലാണു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെയും എഐസിസി ഡല്‍ഹിയിലേക്ക് വിളിപ്പിക്കാറുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ യുഡിഎഫും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.