ലൈംഗികാതിക്രമ പരാതികള്‍ ; സ്ത്രീകള്‍ ഉന്നയിച്ചതുകൊണ്ടു മാത്രം സത്യമാകണമെന്നില്ല: ഹൈക്കോടതി
Saturday, March 1, 2025 1:21 AM IST
കൊച്ചി: സ്ത്രീയാണ് പരാതി ഉന്നയിച്ചത് എന്നതുകൊണ്ടുമാത്രം ലൈംഗികാതിക്രമ പരാതികളിലെ ആരോപണങ്ങളെല്ലാം സത്യമാകണമെന്നില്ലെന്നും അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി. വ്യാജ പരാതിയാണ് ഉന്നയിച്ചതെന്നു ബോധ്യമായാല്‍ പരാതിക്കാരിക്കെതിരേ നടപടിയുണ്ടാകണം.
ചില സ്ത്രീകള്‍ ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ നിരപരാധികള്‍ക്കെതിരേ ഉന്നയിക്കുന്ന പ്രവണത നിലനില്‍ക്കുന്ന ഇക്കാലത്ത് മറുഭാഗത്തിനു പറയാനുള്ളത് കേള്‍ക്കാതിരിക്കരുതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
ലൈംഗികാതിക്രമ പരാതിയില്‍ കാസര്‍ഗോഡ് ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമര്‍ശങ്ങള്‍.
മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്ന യുവതി നല്കിയ പരാതിയിലാണു ഹര്‍ജിക്കാരനെതിരേ പോലീസ് കേസെടുത്തത്. സ്ഥാപനത്തിലെ മാനേജരായ പ്രതി പരാതിക്കാരിയെ ജോലിയില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ സ്ത്രീ തന്നെ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ജനുവരി 14ന് ഹര്ജിക്കാരന് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല.
എന്നാല്‍, ഡിസംബറില്‍ ലൈംഗിക താത്പര്യത്തോടെ തന്റെ കൈയില്‍ കയറി പിടിച്ചെന്നു ചൂണ്ടിക്കാട്ടി യുവതി ഫെബ്രുവരി ഏഴിനു നല്കിയ പരാതിയില്‍ ഹര്‍ജിക്കാരനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. യുവതി ഫോണില്‍ ഭീഷണി മുഴക്കിയതടക്കം രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഇതു പരിശോധിച്ചശേഷമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പരാതി വ്യാജമാണെന്നു കണ്ടെത്തിയാലും ഇത്തരം കേസുകളില്‍ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് മടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണു കാരണം. അത്തരം ഭയം വേണ്ട.
വ്യാജ പരാതികളില്‍ വ്യക്തികളുടെ ഖ്യാതിക്കുണ്ടാകുന്ന ക്ഷതത്തിന് ഒന്നും പകരമാകില്ല. അതിനാല്‍, ഇത്തരം കേസുകളില്‍ പോലീസ് അന്വേഷണത്തിലൂടെ സത്യം കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടു.