മുള്ളൻപന്നി ഓടിക്കയറി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
Friday, February 28, 2025 2:42 AM IST
മയ്യിൽ(കണ്ണൂർ): ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്കു മുള്ളൻപന്നി പാഞ്ഞുകയറി നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ പരേതരായ ഒ. കുഞ്ഞിരാമൻ - ഇ. പാഞ്ചാലി ദമ്പതികളുടെ മകൻ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെ കണ്ണാടിപ്പറന്പ് വാരംകടവ് റോഡ് പെട്രോൾ പന്പിനു സമീപമായിരുന്നു അപകടം. രാത്രി ട്രിപ്പ് കഴിഞ്ഞു മടങ്ങുന്നതിനിടെ ഡ്രൈവറുടെ ഭാഗത്ത് മുള്ളൻപന്നി ഓടിക്കയറുകയും ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. അപകടത്തിൽപെട്ട് സാരമായി പരിക്കേറ്റ വിജയനെ നാട്ടുകാർ ഉടൻ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ സംസ്കരിച്ചു.അവിവാഹിതനാണ്. ബീന, നീതു, പരേതരായ ഇന്ദ്രൻ എന്നിവർ സഹോദരങ്ങളാണ്.