ഹോട്ടലിൽനിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
Saturday, March 1, 2025 2:51 AM IST
പാലക്കാട്: കഞ്ചിക്കോട്ടെ ഹോട്ടലിൽനിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ഫൈവ് സ്റ്റാർ ഹോട്ടലായ ഡിസ്ട്രിക്ട് 9 ൽ അക്കൗണ്ടന്റ് മാനേജരായിരുന്ന കർണാടകയിലെ കുടക് പൊന്നംപേട്ട സ്വദേശി മഹേഷിനെയാണ് കസബ പോലീസ് അറസ്റ്റ്ചെയ്തത്.
രണ്ടുവർഷത്തിനിടെ ജോലിക്കിടെയാണ് അതിവിദഗ്ധമായി പണം തട്ടിയെടുത്തത്. ഹോട്ടലിൽ വിശ്വസ്തനായി ജോലിചെയ്തു മാനേജ്മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയശേഷം ചെലവുകൾ കൂടുതൽ കാണിച്ച് പല ബില്ലുകൾ മാറ്റിയാണ് വൻ തട്ടിപ്പ് നടത്തിയത്. സിഎ, എൽഎൽബി ബിരുദം നേടിയ വ്യക്തിയായതിനാൽ ഒരിക്കലും പിടിക്കില്ലെന്ന വിശ്വാസത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇത്തരത്തിൽ ലഭിച്ച പണം മുഴുവനും ഓണ്‍ലൈൻ റമ്മി കളിക്കാനാണു ചെലവഴിച്ചത്. ചെറിയ തുകകൾവച്ച് കളിതുടങ്ങി പിന്നീട് ലക്ഷങ്ങളായി, പിന്നീട് കോടിയിലെത്തി.
ഹോട്ടൽ ഉടമ പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് മഹേഷ് കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിലായിരുന്നു. പ്രതി ജോലിചെയ്ത മറ്റു സ്ഥാപനങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
പാലക്കാട് കസബ പോലീസ് ഇൻസ്പെക്ടർ എം. സുജിത്ത്, എസ്ഐമാരായ എച്ച്. ഹർഷാദ്, വിപിൻരാജ്, രജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ. രാജീദ്, സി. സുനിൽ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.