പി. രാജുവിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് പാർട്ടിവിരുദ്ധരെന്ന് സിപിഐ നേതൃത്വം
Saturday, March 1, 2025 2:47 AM IST
കൊച്ചി: അന്തരിച്ച സിപിഐ എറണാകുളം ജില്ല മുൻ സെക്രട്ടറി പി. രാജുവിനോട് പാർട്ടി ചെയ്തതു നീതികേടാണെന്നും അദ്ദേഹത്തെ വ്യക്തിഹത്യ നടത്തിയെന്നുമുള്ള ആരോപണത്തിനെതിരേ ജില്ലാനേതൃത്വം രംഗത്ത്. വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ നടത്തി അദ്ദേഹത്തിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചതു ചില പാർട്ടിവിരുദ്ധരാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളുടെ പേരിൽ പി. രാജുവിനെതിരേ നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കണക്കിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ഇതിനെതിരേ രാജു പാർട്ടിയുടെ കൺട്രോൾ കമ്മീഷനു നൽകിയ പരാതിയിൽ തീരുമാനമെടുക്കാതെ നേതൃത്വം അദ്ദേഹത്തെ അപമാനിച്ചെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
അച്ചടക്കനടപടി പുനഃപരിശോധിക്കാൻ കൺട്രോൾ കമ്മീഷൻ നിർദേശിച്ചെങ്കിലും ഇക്കാര്യത്തിനായി ജില്ലാ കൗൺസിൽ യോഗം വിളിച്ചു തീരുമാനമെടുത്തുമില്ല. ഇതിനിടെയാണ് നാലു വർഷക്കാലമായി അർബുദബാധിതനായ പി. രാജുവിന്റെ മരണം.
ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷം മുതലെടുത്ത് പാർട്ടിക്കു ക്ഷീണമുണ്ടാക്കാനും തത്പരകക്ഷികളുടെ താത്പര്യം സംരക്ഷിക്കാനുമുള്ള ശ്രമമാണ് ചിലർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ പറഞ്ഞു. 13 മാസം മുന്പാണ് പി.രാജു സംഘടനാനടപടിക്കു വിധേയനായത്.
ജില്ലാ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കാൻ അദ്ദേഹം കൺട്രോൾ കമ്മീഷനെയും സംസ്ഥാന എക്സിക്യൂട്ടീവിനെയും സമീപിച്ചിരുന്നു. ജില്ലാ കമ്മിറ്റി നിയോഗിച്ച പരിശോധനാ കമ്മിറ്റിയുടെ റിപ്പോർട്ടും കണക്കും പരിശോധിച്ച് ജില്ലാ കമ്മിറ്റി കൈക്കൊണ്ട നടപടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു.
രാജുവിന്റെ ഭാഗത്തു വീഴ്ചയുണ്ടെന്നും എന്നാൽ പ്രായവും പാരമ്പര്യവും കണക്കിലെടുത്ത് അച്ചടക്ക നടപടി ലഘൂകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന ശിപാർശ ജില്ലാ കമ്മിറ്റിക്കും നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുന്നതിനിടയിലാണ് രാജുവിന്റെ മരണം.
പി.രാജുവിന്റെ സുദീർഘമായ പാർട്ടിപ്രവർത്തനത്തെയും പാരമ്പര്യത്തെയും മാനിച്ച് സമുചിതമായ ആദരവോടുകൂടിയുള്ള അന്ത്യയാത്രയാണ് പാർട്ടി ജില്ലാ കൗൺസിൽ ഒരുക്കിയത്. എന്നാൽ ചില കുബുദ്ധികൾ നടത്തിയ പ്രചരണങ്ങൾ അദ്ദേഹത്തെയും അപമാനിക്കുന്ന തരത്തിലാണ്. ഈ വിഷയം പാർട്ടി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം നിലപാടെടുത്തിരുന്നു. ഇതേത്തുടർന്ന് പറവൂർ ടൗൺ ഹാളിലും കെടാമംഗലത്തെ വീട്ടിലും മാത്രമായിരുന്നു പൊതുദർശനം. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.