ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി
Thursday, February 27, 2025 2:15 AM IST
വെച്ചൂർ(കോട്ടയം): ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. വെച്ചൂർ ഇടയാഴംവള്ളപ്പുരയ്ക്കൽ ബിനോയി (36) യാണു മരിച്ചത്.
കളമശേരിയിൽ സ്വകാര്യസ്ഥാപനത്തിൽ ഇലക്ട്രീഷ്യനായ ബിനോയിയെ ജോലിസ്ഥലത്തിനു സമീപം താമസിച്ചിരുന്ന സ്ഥലത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഓൺലൈൻ റമ്മിയാണ് തന്റെ ജീവിതം നശിപ്പിച്ചതെന്നും ഈ ചൂതാട്ടം നിർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇയാൾ എഴുതിയ കത്തിൽ പരാമർശിച്ചിട്ടുള്ളതായി സൂചനയുണ്ട്. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽനടക്കും. ഭാര്യ: അനിഷ. മകൻ: ആദവ് (രണ്ടു വയസ്).