ബൈക്കിടിച്ച് പുലിക്കും ബൈക്ക് യാത്രക്കാരനും പരിക്ക്
Friday, February 28, 2025 1:15 AM IST
എടക്കര: ഗൂഡല്ലൂര്‍ മരപ്പാലത്ത് റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് പുലിക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. രണ്ടു പുലികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിലൊരു പുലിയെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ബൈക്ക് യാത്രക്കാരനായ ഗൂഡല്ലൂര്‍ സ്വദേശി രാജനാണ് പരിക്കേറ്റത്. രാവിലെ എട്ടോടെയാണു സംഭവം. നാടുകാണി-ഗൂഡല്ലൂര്‍ റോഡില്‍ മരപ്പാലത്തിനും കമ്പിപ്പാലത്തിനും ഇടയ്ക്കാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പുലിയും ബൈക്ക് യാത്രികനും റോഡില്‍ വീണു.രാജനു ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല.
പുലിയുടെ ശരീരത്തില്‍ കാര്യമായ പോറലുകളോ മുറിവുകളോ കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ റോഡില്‍ വീണ പുലി അല്പസമയം കഴിഞ്ഞ് എഴുന്നേറ്റ് കാട്ടിലേക്കു മറയുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിക്കുകയും പുലിയുടെ ആരോഗ്യനില വിലയിരുത്തുകയും ചെയ്തു.