വളപട്ടണം പ്രഭാകര്‍ദാസ് വധക്കേസ്; നാല് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു
Friday, February 28, 2025 12:03 AM IST
കൊച്ചി: കണ്ണൂര്‍ വളപട്ടണത്തെ പ്രഭാകര്‍ദാസ് വധക്കേസില്‍ ഒഡീഷ സ്വദേശികളായ നാല് യുവാക്കളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.
തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസുമാരായ പി.ബി. സുരേഷ്കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികളില്‍ മൂന്നുപേര്‍ക്ക് പ്രായപൂര്ത്തിയായിരുന്നില്ലെന്നതു പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് ഉത്തരവ്.
ഒന്നാംപ്രതി തൂഫാന് പ്രധാന് (റിന്റു- 27), മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ ഗണേഷ് നായിക് (ഗോനിയ-23), രാജേഷ് ബെഹ്റ (ബാപ്പുന-23), പ്രശാന്ത് സേത്തി (ചിണ്ടു-23) എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. അതേസമയം നാലാം പ്രതിയെ ആയുധപ്രയോഗത്തിനുള്ള കുറ്റത്തില്‍നിന്നു മാത്രം ഒഴിവാക്കി. രണ്ടാം പ്രതിയായ ബോലിയ ഹൂരി ഒളിവിലാണ്.
2018 മേയ് 19നാണ് വളപട്ടണം ഗ്രീന്‍വുഡ് പ്ലൈവുഡ് കമ്പനി ഉടമയും ഒഡീഷ സ്വദേശിയുമായ പ്രഭാകര്‍ദാസ് കൊല്ലപ്പെട്ടത്. കമ്പനിയിലെ ജീവനക്കാരനായിരുന്ന ഗണേഷ് നായിക്കിനെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ പ്രതി സുഹൃത്തുക്കളുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തില്‍ കലാശിച്ചത്.