കൈക്കൂലി: വില്ലേജ് ഓഫീസർക്ക് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും
Friday, February 28, 2025 1:15 AM IST
തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യുന്നതിന് വസ്തു ഉടമയിൽനിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷൽ വില്ലേജ് ഓഫീസർക്ക് വിവിധ വകുപ്പുകളിലായി കോടതി ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജ കുമാരയാണ് പ്രതിയെ ശിക്ഷിച്ചത്.
പത്തനംതിട്ട മെഴുവേലി മുൻ സ്പെഷൽ വില്ലേജ് ഓഫീസർ സണ്ണിമോനാണ് കേസിലെ പ്രതി.2014 ലാണ് പ്രതി ഭൂമി ഉടമയുടെ മകനായ ജോജി ജോണിൽനിന്ന് ഭൂമി പോക്കുവരവു ചെയ്യാൻ 5,000 രൂപ കൈക്കൂലി വാങ്ങിയത്. ജോജി ജോണിന്റെ പിതാവും സഹോദരങ്ങളും ചേർന്നാണ് കുടുംബ വീട്ടിലേക്ക് കാർ കയറുന്ന വഴിക്കായി അയൽവാസിയിൽനിന്നു മൂന്നു സെന്റ് ഭൂമി 2006ൽ വാങ്ങിയത്.
ജോജി ജോണ് അടക്കം പലരും വിദേശത്ത് ആയിരുന്നതിനാൽ സമയത്ത് വസ്തു പോക്കുവരവു ചെയ്ത് എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് 2014ൽ പോക്കുവരവിനുള്ള അപേക്ഷ മെഴുവേലി വില്ലേജ് ഓഫീസിൽ നൽകിയത്.
സ്ഥല പരിശോധന നടത്തി വസ്തു പോക്കുവരവ് ചെയ്തു കൊടുക്കാൻ സ്പെഷൽ വില്ലേജ് ഓഫീസർ സണ്ണി മോനോടു പണം ആവശ്യപ്പെടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.