ആശാവര്‍ക്കര്‍മാരുടെ സമരം; കടുത്ത നടപടിയുമായി പോലീസ്
Thursday, February 27, 2025 2:17 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്കു പിന്തുണ നല്‍കിയവര്‍ക്കെതിരേ നടപടിയുമായി പോലീസ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിയ മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്കാണ് കന്റോണ്‍മെന്റ് പോലീസ് ഇന്നലെ നോട്ടീസ് അയച്ചത്.
മഹാസംഗമം ഉദ്ഘാടനം ചെയ്ത ജോസഫ് സി. മാത്യു, പിന്തുണയുമായെത്തിയ കെ.ജി. താര, എം. ഷാജര്‍ഖാന്‍, ആര്. ബിജു, എം.എ. ബിന്ദു, കെ.പി. റോസമ്മ, ശരണ്യ രാജ്, എസ്. ബുര്‍ഹാന്‍, എസ്. മിനി, ഷൈല കെ. ജോണ്‍ തുടങ്ങിയവര്‍ക്കാണ് പോലീസ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇതിനിടെ ഭീഷണിക്കത്തുമായി നാഷണല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടറും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഭീഷണിക്കത്ത് ആശാ വര്‍ക്കര്‍മാര്‍ തള്ളിക്കളഞ്ഞു. തുടര്‍ന്ന് സമരത്തില്‍ പങ്കെടുക്കുന്നവരെ പലയിടങ്ങളിലും സര്‍ക്കാര്‍ അനുകൂല സംഘടനാ നേതാക്കള്‍ വീട്ടിലെത്തിയും ഫോണില്‍ ബന്ധപ്പെട്ടും ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വീണ്ടും പൊലീസ് നടപടി. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കന്റോണ്‍മെന്റ് പോലീസ് മുന്‍പ് നോട്ടീസ് അയച്ചിരുന്നു. ഗതാഗതതടസമുണ്ടാക്കി അന്യായമായി സംഘംചേര്‍ന്നു നടത്തുന്ന സമരം നിര്ത്തമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
അതേസമയം സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാവര്‍ക്കര്‍മാര്‍. അടിസ്ഥാന ആവശ്യങ്ങള്‍ പോലും ചര്‍ച്ച ചെയ്യാനോ അംഗീകരിക്കാനോ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് മൂന്നിന് സെക്രട്ടേറിയറ്റ് പടിക്കല്‍നിന്ന് നിയമസഭയിലേക്കു മാര്‍ച്ച് നടത്തും.
സെക്രട്ടേറിയറ്റിനു മുന്നിലെ രാപകല്‍ സമരത്തിനു നേതൃത്വം നല്കുന്ന കേരള ആശാഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷനാണ് നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ചത്. ഇന്ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും നാളെ കൊല്ലം, കോഴിക്കോട് ജില്ലകളിലും കളക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
സമരത്തെ ആക്ഷേപിച്ചും സാധാരണക്കാരായ ആശാവര്‍ക്കര്‍മാരെ ഭയപ്പെടുത്തിയും സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി വിജയം വരെ സമരംചെയ്യുമെന്നും അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു.
തരൂര്‍ സമരപ്പന്തലില്‍
സമരം 17-ാം ദിവസം കടക്കുമ്പോള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വലിയ പിന്തുണയാണ് സമരത്തിനു ലഭിക്കുന്നത്. ശശി തരൂര്‍ എംപി ഇന്നലെ സമരപ്പന്തലിലെത്തി. ആശാവർക്കർമാരുടെ പ്രവര്‍ത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും നിലവില്‍ നല്കുന്ന ഓണറേറിയം കുറവാണെന്നും അത് വര്‍ധിപ്പിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഓണറേറിയം ഒരിക്കലും കുടിശിക ആക്കരുത്. ഇക്കാര്യം താന്‍ കേന്ദ്രശ്രദ്ധയില്പ്പെടുത്തുമെന്നും അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പു നല്കി. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും ഇന്നലെ സമരപ്പന്തലില്‍ എത്തിയിരുന്നു.
ആക്ഷേപവുമായി എളമരം കരീം
ഓണറേറിയം വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി ആശാവര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന സമരക്കാര്‍ക്കെതിരേ വീണ്ടും ആക്ഷേപവും പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. സമരം ചെയ്യുന്നത് ഈര്‍ക്കിലി സംഘടനയാണെന്നായിരുന്നു കരീമിന്റെ പ്രതികരണം.
സമരം ആരോഗ്യ വിഭാഗത്തെ പ്രതിസന്ധിയിലാക്കി. ജോലിയില്‍ പ്രവേശിക്കാത്ത ആശാവര്‍ക്കര്‍മാരെ പുറത്താക്കുമെന്ന സര്‍ക്കാര്‍ സര്‍ക്കുലറിനു പിന്നാലെയാണ് സിഐടിയു നേതാവിന്റെ പ്രതികരണം. മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരക്കാര്‍ക്കു ഹരമായി. ഇവര്‍ തൊഴിലാളികളല്ല വോളണ്ടിയര്‍മാര്‍ മാത്രമാണെന്നു കേന്ദ്രസര്‍ക്കാര്‍തന്നെ പറയുന്നു.
ശമ്പളമല്ല ഇന്‍സെന്റീവ് മാത്രമേ നല്കാന് കഴിയൂ. അതില്‍ മികച്ചത് കേരളം നല്‍കുന്നുണ്ട്. ആരോഗ്യമേഖലയെ ഒന്നാകെ സ്തംഭിപ്പിച്ചല്ല സമരം ചെയ്യേണ്ടതെന്നും എളമരം കരീം പറഞ്ഞു.
ഇടത് അനുകൂല ആശമാരും സമരമുഖത്ത്
ഇടത് അനുകൂല ആശാപ്രവര്‍ത്തകരും അവകാശങ്ങള്‍ക്കായി സമരമുഖത്ത്. കേന്ദ്രസര്ക്കാരിനെതിരായാണ് ആശ വര്‍ക്കേഴ്സ് ഫെഡറേഷന് (സിഐടിയു) പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജില്ലാ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരത്ത് നാളെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെങ്കില്‍ മറ്റു ജില്ലകളില്‍ ഇന്ന് സമരം സംഘടിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിനെതിരേ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരം ഇന്ന് 18 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് മറുവിഭാഗം കേന്ദ്രത്തിനെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപം ഏജീസ് ഓഫീസിനു മുന്നിലാണ് നാളെ ഫെഡറേഷന്റെ പ്രതിഷേധം.
ആശാവർക്കർമാരുടെ സമരം ഏറ്റെടുക്കാൻ കോണ്‍ഗ്രസ്
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടാകുമെന്നു കോണ്‍ഗ്രസ്. അവരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തുടർസമരപരിപാടികൾ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ആശാവർക്കർമാർ തിരികെ ജോലിക്കു പ്രവേശിച്ചിക്കണമെന്നും അല്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സർക്കാർ ഇറക്കിയ സർക്കുലർ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് ഇന്നു കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിലും സർക്കുലർ കത്തിച്ചു പ്രതിഷേധിക്കും. മഹിളാ കോണ്‍ഗ്രസ് പ്രവർത്തകരും പങ്കെടുക്കും.
തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളിൽ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തും.