മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടി പ്രഹരം: തീരദേശഫണ്ടിൽ 90 കോടി വെട്ടി കേരളം
Thursday, February 27, 2025 2:17 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടി പ്രഹരം. കേന്ദ്രം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച കടൽമണൽ ഖനനത്തിനൊപ്പം തീരദേശ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയിൽ 90 കോടി വെട്ടിക്കുറച്ചു കേരളം.
മത്സ്യബന്ധന മേഖലയെ ഗുരുതരമായി ബാധിക്കുന്ന കടൽമണൽ ഖനനത്തിനെതിരേ തീരദേശ ഹർത്താൽ നടക്കുകയാണ്. ഇതിനിടെയാണ് ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ 90 കോടി രൂപയുടെ വെട്ടിക്കുറവു സംസ്ഥാനം വരുത്തിയത്.
2024-25 ബജറ്റിൽ 331.29 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് 241.75 കോടിയായാണ് വെട്ടിക്കുറച്ചത്. പദ്ധതി അടങ്കലിൽ വിവിധ വകുപ്പുകളിൽ 50 ശതമാനം വീതം വെട്ടിക്കുറവു വരുത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള 90 കോടി കുറച്ചത്.
മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും ബജറ്റിൽ നാലു കോടി വകയിരുത്തിയതു രണ്ടു കോടിയായി വെട്ടിച്ചുരുക്കി. അക്വാകൾച്ചർ വികസനത്തിനായി 67. 50 കോടി വകയിരുത്തിയത് 47.52 കോടിയാക്കി.
വേമ്പനാട് കായൽ വൃത്തിയാക്കലിന് ഒരു കോടി ബജറ്റിൽ വകയിരുത്തിയിരുന്നു. ഇതു മുഴുവനും വെട്ടിക്കുറച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും മാനവശേഷി വികസനത്തിനും 40 കോടി ബജറ്റിൽ വകയിരുത്തിയത് 17.72 കോടിയായി വെട്ടിച്ചുരുക്കി.
ബോട്ടുകളുടെ മണ്ണെണ്ണ എൻജിൻ പെട്രോൾ എൻജിനുകളാക്കി മാറ്റാൻ ഒരു കോടി രൂപ സബ്സിഡിയായി ബജറ്റിൽ വകയിരുത്തിയിരുന്നു.മത്സ്യകൃഷി പരിശീലന കേന്ദ്രങ്ങളുടെ പണി പൂർത്തിയാക്കലും മത്സ്യ ഭവനങ്ങൾ സ്ഥാപിക്കലിനുമായി 2.50 കോടി ബജറ്റിൽ വകയിരുത്തിയത് 48 ലക്ഷമാക്കി വെട്ടിക്കുറച്ചതായും രേഖകൾ വ്യക്തമാക്കുന്നു.