ജപ്തി നേരിട്ട വയോധികയ്ക്ക് സഹായവുമായി യൂസഫലി
Thursday, February 27, 2025 2:16 AM IST
കൊച്ചി: കടബാധ്യതമൂലം വീട് ജപ്തിഭീഷണി നേരിട്ട വയോധികയ്ക്കു സഹായഹസ്തമേകി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ആലുവ ശ്രീമൂലനഗരം തെറ്റയില്‍ വീട്ടില്‍ മേരിയുടെ കടബാധ്യത ഏറ്റെടുത്താണ് എം.എ. യൂസഫലി വീടിന്റെ പ്രമാണം തിരികെ വാങ്ങി നൽകിയത്.
2012ല്‍ വീട്ടില്‍നിന്നു പള്ളിയിലേക്ക് പോകുമ്പോഴുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കു ചെലവായ തുകയുടെ പേരിലാണ് മേരി ജപ്തിഭീഷണി നേരിടേണ്ടിവന്നത്.
അപകടത്തില്‍ ഒടിഞ്ഞുതൂങ്ങിയ കാലിന്റെ ശസ്ത്രക്രിയയ്ക്കായി നാട്ടുകാര്‍ ഒരു ലക്ഷം രൂപ നല്കി ഇവരെ സഹായിച്ചിരുന്നു.
പിന്നീട് തിരുവൈരാണിക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്ത് ഈ തുക സഹായിച്ചവർക്കു തിരികെ നൽകി.
സാമ്പത്തിക പരാധീനതകള്‍ മൂലം വായ്പാതിരിച്ചടവ് മുടങ്ങിയിരുന്നു. പലിശയടക്കം 2,80,000 രൂപ ഈ മാസം 28നകം അടച്ചില്ലെങ്കില്‍ വീട്ടില്‍നിന്നു മേരിയും കുടുംബവും ഇറങ്ങേണ്ടിവരുമെന്ന് സഹകരണ ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചു.
ഈ വാർത്ത യൂസഫലിയുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. ബാങ്ക് തിരിച്ചടവിന് ഇളവ് നല്കി 1,80,000 രൂപ അടയ്ക്കണമെന്ന് അറിയിച്ചു. തുടര്‍ന്ന് ഈ തുക സഹകരണ ബാങ്കിന് ലുലു അധികൃതര്‍ നല്കി.