മുന്‍ എംഎല്‍എ പി. രാജു അന്തരിച്ചു
Friday, February 28, 2025 1:15 AM IST
കൊച്ചി: പറവൂർ മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു. ഇന്നലെ രാവിലെ 6.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
മൃതദേഹം ഇന്നു രാവിലെ എട്ടിന് വിലാപയാത്രയായി പറവൂരിലേക്ക് കൊണ്ടുപോകും. ഒന്‍പതു മുതല്‍ 11 വരെ പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം . തുടർന്ന് കെടാമംഗലം കുടിയാകുളങ്ങര എംഎല്‍എ പടിയിലെ മേപ്പള്ളി വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ .
വിദ്യാര്‍ഥിപ്രസ്ഥാനമായ എഐഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ രാജു എഐവൈഎഫ് ജില്ലാ പ്രസിഡന്റായും സംസ്ഥാന സഹഭാരവാഹിയായും പ്രവര്‍ത്തിച്ചു. 1991,1996 വര്‍ഷങ്ങളില്‍ പറവൂർ എംഎല്‍എയായിരുന്നു. 2015 മുതല്‍ 2022 ഓഗസ്റ്റ് വരെ സിപിഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.
നിലവില്‍ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന ഭാരവാഹിയുമാണ്. സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എംഎല്‍എയുമായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എന്‍. ശിവന്‍പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്.
ഭാര്യ: ലതിക (പറവൂര്‍ താലൂക്ക് സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). മകള്‍: സിന്ധു (അധ്യാപിക, ക്ലാപ്പന ഹയര്‍ സെക്കൻഡറി സ്കൂള്‍ വള്ളിക്കാവ്). മരുമകന് : ഡോ. ജയകൃഷ്ണന് (ദന്തല്‍ ക്ലിനിക്, ക്ലാപ്പന). സഹോദരങ്ങൾ: സഹോദരങ്ങൾ: ഗംഗ, (റിട്ട. വാട്ടര്‍ അഥോറിറ്റി ), രഘു (ഹൈദരാബാദ്), പരേതനായ രാജു നെയ്യാര്‍.