സജി മഞ്ഞക്കടമ്പില്‍ തൃണമൂലില്‍
Thursday, February 27, 2025 2:16 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാനപ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണി ബന്ധംവിട്ട് പി.വി. അന്‍വര്‍ നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ഇന്നലെ കോട്ടയത്ത് പി.വി. അന്‍വര്‍ സജിയെയും മറ്റ് നേതാക്കളെയും ഷാള്‍ അണിയിച്ച് തൃണമൂലിലേക്ക് സ്വാഗതം ചെയ്തു. രണ്ട് പേര് ഒഴികെ 12 ജില്ലാ പ്രസിഡന്റുമാര്‍ ഇന്നലെത്തെ യോഗത്തില്‍ പങ്കെടുത്തതായും ഏപ്രിലില്‍ ലയനസമ്മേളനം കോട്ടയത്ത് നടക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
കോട്ടയം പ്രസ് ക്ലബില്‍ അന്‍വറിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചു തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി സജി പ്രഖ്യാപിച്ചത്. എഡിഎയില് ചേര്‍ന്ന് ഒരു വര്‍ഷമായിട്ടും ഒരു യോഗത്തില്‍പോലും വിളിക്കുകയോ അര്‍ഹമായ പരിഗണന നല്‍കുകയോ ചെയ്തില്ല.
കേരള കോണ്‍ഗ്രസ് എമ്മില്‍ രാഷ്ട്രീയം തുടങ്ങിയ സജി മുന്‍ കോട്ടയം ജില്ലാ പഞ്ചായത്തംഗമാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായിരുന്നു. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണു കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചത്.
വിവാദപ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അന്‍വര്‍
കോട്ടയം: മലപ്പുറം ചുങ്കത്തറയിലെ സിപിഎമ്മിനെതിരായ വിവാദ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തങ്ങളെയോ യുഡിഎഫ് പ്രവര്‍ത്തകരെയോ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും കട്ടിലിനടിയില്‍ കയറി ഒളിച്ചിരിക്കാന്‍ തന്നെ കിട്ടില്ലെന്നും പി.വി അന്‍വര്‍.
കൂലിക്കാരെ വച്ച് തലയ്ക്കടിച്ചാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി തല്ലുകതന്നെ ചെയ്യുമെന്ന് കോട്ടയം പ്രസ് ക്ലബില്‍ അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്തെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വീതംപറ്റുകാരും കച്ചവടക്കാരുമാണെന്നും അൻവർ ആരോപിച്ചു.
എന്‍ഡിഎ അവഗണിച്ചു: സജി മഞ്ഞക്കടമ്പില്‍
കോട്ടയം: റബര്‍, വന്യജീവി, തെരുവ് നായ തുടങ്ങി കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആവശ്യങ്ങളോടും നിലപാടുകളോടും എന്‍ഡിഎ സഹകരിച്ചില്ലെന്ന് സജി മഞ്ഞക്കടമ്പില്‍.
എന്‍ഡിഎ ഉള്‍പ്പെടുത്തിയെന്ന് പ്രസ്താവന ഇറക്കിയെങ്കിലും ഇതു സംബന്ധിച്ച ഒരു കത്ത് പോലും ഔദ്യോഗികമായി നല്‍കിയില്ല. തുഷാർ വെള്ളാപ്പള്ളി ഇടപെട്ടാണ് എന്‍ഡിഎയില്‍ പ്രവേശിച്ചതെങ്കിലും ഇപ്പോള്‍ തുഷാറിന്റെ അവസ്ഥയും പരുങ്ങലിലാണ്.
വന്യജീവി ആക്രമണം, റബര്‍ വിലയിടവ്, മദ്യം, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഇതിനായി പി.വി. അന്‍വറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും സജി പറഞ്ഞു.