വെഞ്ഞാറമൂട് കൂട്ടക്കൊല; ഷെമിക്ക് 65 ലക്ഷം രൂപയുടെ ബാധ്യതയെന്ന് അഫാൻ
Thursday, February 27, 2025 2:17 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ അനേഷണസംഘം ഇന്നലെ വീണ്ടും ചോദ്യംചെയ്തു.
കുടുംബത്തിന്റെ സാമ്പത്തികബാധ്യതയാണ് കുറ്റകൃത്യത്തിനു കാരണമെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുന്ന മൊഴികളാണ് ഇന്നലെയും അഫാൻ നൽകിയത്. തന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് അനേഷണസംഘത്തോട് ഇന്നലെ വെളിപ്പെടുത്തിയത്.
വെഞ്ഞാറമൂട് എസ്എച്ച്ഒ യുടെ നേതൃത്യത്തിലുള്ള സംഘം ഏറെനേരം ചെലവിട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ മുറിയിൽവച്ചു അഫാനെ ചോദ്യംചെയ്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകും. ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്ത് ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ റിമാൻഡ് ചെയ്യും. ഇല്ലെങ്കിൽ മെഡിക്കൽ കോളജിലെ സെല്ലിൽ പാർപ്പിക്കും.
കൂട്ടക്കൊല നടത്തിയശേഷം ഇയാളുടെ മുത്തശി സൽമ ബീവിയുടെ കഴുത്തിൽ കിടന്ന മാല പണയംവച്ച് കിട്ടിയ 74,000 രൂപയിൽനിന്ന് 40,000 രൂപ ഇയാൾ കടം വീട്ടാൻ ഉപയോഗിച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടിൽനിന്നാണു കടംവീട്ടിയത്. നാലുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫാൻ വെഞ്ഞാറമൂട് -ആറ്റിങ്ങൽ റോഡിലെ ബാറിൽ കയറി മദ്യപിച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകാൻ മദ്യം വാങ്ങിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂട്ട ആത്മഹത്യ ചെയ്യാൻ മൊബൈൽ ഫോണിലൂടെ ഗൂഗിൾ സേർച്ച് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനും കൊലയുടെ കാരണങ്ങൾ കണ്ടെത്താനും ഇയാളുടെയും അമ്മ ഷെമിയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക്, സൈബർ സെൽ സഹായ ത്തോടെ പരിശോധന നടത്താൻ പോലീസ് നടപടി തുടങ്ങി.
അമ്മ ഷെമിയെയും കൊലപ്പെടുത്താൻ അഫാൻ ശ്രമിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഷെമി ബന്ധുക്കളെ അനേഷിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു.
തിരുവനന്തപുരം റുറൽ എസ്പി. കെ.എസ്.സുദർശനന്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി. മഞ്ജുലാലിന്റെ നേതൃത്യത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അനേഷിക്കുന്നത്.