മാർച്ചിലെ ചെലവിന് 24,000 കോടി വേണം ; ചെലവുകാശിന് നെട്ടോട്ടം
Thursday, February 27, 2025 2:17 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനമായ മാർച്ചിലെ ചെലവിനുള്ള പണം കണ്ടെത്താനായി കേരളം നെട്ടോട്ടം തുടങ്ങി. സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച കടമെടുപ്പു പരിധി ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിൽ കൂടുതൽ കടമെടുക്കാനുള്ള കേന്ദ്ര അനുമതി ലഭ്യമാക്കുകയാണ് സംസ്ഥാനത്തിനു മുന്നിലുള്ള പ്രധാനമാർഗം.
10,000 കോടി രൂപ കൂടി കടമെടുക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചു ധന അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് അടുത്തദിവസം ഡൽഹിക്കു പോകും. ട്രഷറി നീക്കിയിരുപ്പിന്റെ അടിസ്ഥാനത്തിൽ അധിക കടമെടുപ്പിന് കേന്ദ്രാനുമതി തേടുകയാണ് പ്രധാനം. ഇതോടൊപ്പം വൈദ്യുതിനഷ്ടം നികത്തുന്നതുമായി ബന്ധപ്പെട്ട് 0.5 ശതമാനം കടമെടുക്കാനാകും. ഇത് ഏകദേശം 5,500 കോടി രൂപ വരുമെന്നാണു കണക്കാക്കുന്നത്. ഇതിന് അനുമതി നൽകണമെന്നും കേന്ദ്ര ധന സെക്രട്ടറിയോട് അഭ്യർഥിക്കും.
അങ്ങനെയെങ്കിൽ 15,000 കോടി രൂപ ട്രഷറിയിലുണ്ടാകും. കൂടാതെ മാർച്ചിൽ ചരക്കു സേവന നികുതിയും വിൽപ്പനനികുതിയും ഇനത്തിൽ 9,000 കോടി രൂപ സംസ്ഥാന ഖജനാവിലെത്തുമെന്നാണ് ധനവകുപ്പ് അധികൃതരുടെ പ്രതീക്ഷ. 24,000 കോടി രൂപ ലഭ്യമായാൽ മാർച്ചിലെ ചെലവുകൾ കൃത്യമായി ക്രമീകരിക്കാനാകും.
അധിക കടമെടുപ്പിനു കേന്ദ്രാനുമതി ലഭിക്കുമെന്നാണു സംസ്ഥാനത്തിന്റെ പ്രതീക്ഷ. വയനാട് പുനർനിർമാണത്തിന് കേന്ദ്രസഹായം ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്നാൽ, വയനാട് പുനർനിർമാണത്തിന് കാപക്സ് വായ്പ ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് കഴിഞ്ഞ ഫെബ്രുവരി നാലിന് കേരളം കേന്ദ്രത്തിനു കത്തു നൽകിയിരുന്നു. ഒരാഴ്ചയ്ക്കകം 11ന് കാപക്സ് വായ്പ ലഭ്യമാക്കി കേന്ദ്രം അനുമതിയും നൽകി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് ആവശ്യം കേന്ദ്രം നിരാകരിക്കില്ലെന്നാണു സംസ്ഥാനത്തിന്റെ പ്രതീക്ഷ.
1920 കോടി രൂപയുടെ കടമെടുപ്പു നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയതിനെ തുടർന്നു പണം ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് ഫെബ്രുവരിയിലെ ക്ഷേമപെൻഷനും സംസ്ഥാന പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണത്തിന്റെ അവസാന ഗഡു കുടിശികയും നൽകുന്നത്.
ക്ഷേമപെൻഷൻ നൽകാൻ 721 കോടി രൂപയാണു വേണ്ടത്. നേരത്തേ 910 കോടി രൂപ വേണ്ടിവരുമായിരുന്നു. ക്ഷേമപെൻഷൻ പട്ടികയിൽനിന്ന് അനർഹരെ കണ്ടെത്തി ഒഴിവാക്കുന്ന നടപടി തുടരുന്ന സാഹചര്യത്തിൽ ഇവരുടെ എണ്ണം 53 ലക്ഷം പേരിൽനിന്ന് 49 ലക്ഷത്തോളമായി താഴ്ന്നു.
പെൻഷൻ പരിഷ്കരണത്തിന്റെ നാലാം ഗഡു നൽകാൻ 600 കോടിയോളം രൂപ വേണം. ഇതും ഇന്നുമുതൽ വിതരണം തുടങ്ങുമെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്. ഒരാഴ്ച മുൻപ് ഉത്തരവിറക്കിയെങ്കിലും പണമില്ലാത്തതിനാൽ വിതരണം തുടങ്ങിയിരുന്നില്ല.
1920 കോടി രൂപ കൂടി കടമെടുത്തതോടെ പരിധി കഴിഞ്ഞെന്ന് സംസ്ഥാനം കരുതിയെങ്കിലും കഴിഞ്ഞ ദിവസം 605 കോടി രൂപ കൂടി കടമെടുക്കാൻ ബാക്കിയുണ്ടെന്ന അറിയിപ്പു കേരളത്തിനു ലഭിച്ചിരുന്നു. ഇതോടെ മാർച്ചിലെ ചെലവിന് 605 കോടി കൂടി ലഭിക്കും.