ആറളത്ത് ഉയരുന്നതു പ്രത്യയശാസ്ത്രങ്ങൾ മറന്ന് ജീവിക്കാനുള്ള ചോദ്യങ്ങൾ
Thursday, February 27, 2025 2:17 AM IST
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനക്കലിയിൽ രണ്ടു ജീവൻ പൊലിഞ്ഞു വീണപ്പോൾ ഭരണകൂടത്തെപോലും ഉത്തരം മുട്ടിച്ചുകൊണ്ട് കേരളം കണ്ട മറ്റൊരു പ്രതിഷേധ സമരമായിരുന്നു കഴിഞ്ഞ ദിവസം ആറളം ഫാം പുനരധിവാസ മേഖലയിൽ അരങ്ങേറിയത്.
രണ്ടു സ്ത്രീശബ്ദങ്ങൾക്കു മുന്നിൽ ഭരണകർത്താക്കൾ തലകുനിച്ചപ്പോൾ പുറത്തുവന്നത് ചൂഷണങ്ങളുടെ കഥയായിരുന്നു. ഞങ്ങളെ കാണാൻ മന്ത്രി എത്തണം എന്ന ആവശ്യത്തോടെ ആദിവാസികൾ മൃതദേഹവുമായി വന്ന ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചപ്പോൾ ഒടുവിലാണു മന്ത്രിതന്നെ നേരിട്ടെത്തുന്നത്.
കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ നിങ്ങളിൽ ഒരുവനാണ് ഞാനെന്ന സ്വയം പ്രതിരോധം തീർത്ത് മന്ത്രിക്കു മടങ്ങേണ്ടിവന്നു. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പ്രത്യയശാസ്ത്രങ്ങൾ മറന്ന് ആദിവാസി എന്ന ഒറ്റ ചിന്തയിൽനിന്നുമായിരുന്നു ആറളം ഫാമിലെത്തിയ മന്ത്രിക്കു മുന്നിൽ ശ്യാമയുടെയും ശ്രുതിയുടെയും ചോദ്യങ്ങൾ. ശ്യാമ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെങ്കിൽ ശ്രുതി സിപിഎം ലോക്കൽ കമ്മിറ്റിയംഗമാണ്.
രാഷ്ട്രീയം മറന്ന് ശ്രുതിയുടെ ചോദ്യം

സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ ശ്രുതി രാഷ്ട്രീയം മറന്നായിരുന്നു ആറളം ഫാമിലെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നിൽ ചോദ്യങ്ങൾ ഉയർത്തിയത്. ഇനിയൊരു ആദിവാസി ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചുവീഴാൻ ഇടവരില്ല എന്നൊരു ഉറപ്പ് ഒരു വെള്ളപേപ്പറിൽ എഴുതി ഒപ്പിട്ടുനൽകാൻ കഴിയുമോയെന്നും പേപ്പർ വേണമെങ്കിൽ ഞങ്ങൾതന്നെ നൽകാമെന്നും ശ്രുതി പറഞ്ഞെങ്കിലും മന്ത്രി നിശബ്ദത പാലിച്ചു.
ആലക്കോട് കണിയഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പ്ലസ് ടുവും ടാലിയും പൂർത്തിയാക്കിയ ശ്രുതി(34) കഴിഞ്ഞ വർഷം വരെ ആരോഗ്യ വകുപ്പിൽ പ്രമോട്ടറായി ജോലി ചെയ്തുവരികയായിരുന്നു. ഓരോ മരണത്തിന് ശേഷവും അധികൃതർ നൽകുന്ന വാഗ്ദാനങ്ങൾ കണ്ട് മനം മടുത്താണു മന്ത്രിക്കു മുന്നിൽ പ്രതികരിച്ചതെന്നു ശ്രുതി ദീപികയോട് പറഞ്ഞു. മന്ത്രി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ വീണ്ടും ഒരിക്കൽക്കൂടി ആദിവാസികൾക്കു സമരമുഖത്തേക്ക് ഇറങ്ങേണ്ടിവരുമെന്നും ശ്രുതി പറയുന്നു.
വാക്കു പാലിച്ചില്ലെങ്കിൽ ആദിവാസികൾ സംഘടിക്കും
വാക്ക് പാലിച്ചില്ലെങ്കിൽ ഒരിക്കൽക്കൂടി ആദിവാസികൾ സംഘടിക്കുമെന്നും രാഷ്ട്രീയത്തിനതീതമായി സമരങ്ങൾ സംഘടിപ്പിക്കുമെന്നുമാണു ശ്യാമയും ശ്രുതിയും പറയുന്നത്. നല്ല വിദ്യാഭ്യാസമുള്ള രണ്ടു യുവതികൾക്കും സർക്കാർ ജോലി പോലും ലഭിക്കുന്നില്ല എന്നതു മറ്റൊരു സത്യമാണ്.
ശ്യാമയും ശ്രുതിയും വർഷങ്ങൾക്ക് മുന്പ് ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളാണ്. മാതാപിതാക്കളാണ് ആദ്യം ഇവിടെ എത്തുന്നത്. പിന്നീട് കുടുംബവും കുട്ടികളും എത്തി. പലരും ഉപകുടുംബങ്ങളുമായി. കുടിൽ കെട്ടി താമസിക്കുന്നു. 38ലധികം കുടുംബങ്ങളാണ് ഇവിടെ കൈയേറി താമസിക്കുന്നത്. ആലക്കോട്ടുള്ള സങ്കേതത്തിൽനിന്നാണ് ഒരേക്കർ ഭൂമി ലഭിക്കുമെന്നു വിശ്വസിച്ച് ഇവിടെ എത്തുന്നത്.
പുതിയ ലിസ്റ്റിൽ 137 പേർക്ക് പട്ടയം അനുവദിച്ചെങ്കിലും കൈയേറ്റക്കാരായ കുടുംബങ്ങളുടെ പേരുകൾ ഇതിൽ ഇല്ല എന്നതാണു മറ്റൊരു സത്യം. വീടുള്ളവർ പോലും സുരക്ഷിതരല്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നത്. ആനകൾ സ്ഥിരമായി എത്തുന്ന വഴിയിൽ വൈദ്യുതിപോലുമില്ല. നാളെ വീണ്ടും മന്ത്രി ഫാമിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട് . പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നും തൃപ്തികരം അല്ലെങ്കിൽ മറ്റൊരു രാഷ്ട്രീയരഹിത സമരത്തിനുകൂടി സാക്ഷ്യം വഹിക്കുമെന്നും ശ്രുതിയും ശ്യാമയും പറയുന്നു.
ആന മതിൽ നിർമാണത്തിലെ കാലതാമസം സർക്കാരിന്റെ വീഴ്ച: സണ്ണി ജോസഫ്

2018ൽ അന്നത്തെ പട്ടികവർഗ മന്ത്രി എ.കെ. ബാലൻ ആറളം ഫാമിലെ ചടങ്ങിൽ വന്നപ്പോൾ എംഎൽഎ എന്ന നിലയിൽ അധ്യക്ഷനായിരുന്ന ഞാൻ ആവശ്യപ്പെട്ടതിന് മന്ത്രി മറുപടി പറഞ്ഞപ്പോൾ സമ്മതിച്ച് പട്ടിക വർഗ വികസന വകുപ്പിന്റെ ഫണ്ടിൽ നിന്ന് 20 കോടി രൂപ അനുവദിച്ച് 2020 മാർച്ചിൽ ഭരണാനുമതി കിട്ടിയ പദ്ധതിയാണ് ആറളം ഫാമിലെ ആനമതിൽ. പിന്നീട് വകുപ്പുകളുടെ മത്സരത്തിൽ മതിലിന്റെ നിർമാണം എങ്ങുമെത്താതെ നിലച്ചു.
2023ൽ കണ്ണാ രഘു എന്ന യുവാവ് മരിച്ചതോടെ വീണ്ടും ആനമതിൽ എന്ന ആവശ്യം ശക്തമായി. അന്യായമായ കാലതാമസം കാരണം 20 കോടി രൂപ എന്നത് ചെലവ് 53 കോടിയായി ഉയർന്നു. തുടർന്ന് മൂന്ന് മന്ത്രിമാർ ഫാമിൽ എത്തി 10.50 കിലോമീറ്റർ ആനമതിൽ 18 മാസത്തിനുള്ളിൽ ഉറപ്പുനൽകിയെന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി.
എന്നാൽ, കാലാവധി കഴിഞ്ഞിട്ടും പണി മൂന്നു കിലോമീറ്റർ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ആദിവാസികളുടെ പ്രതിഷേധം തികച്ചും ന്യായമാണ് . 14 പേരുടെ ജീവനാണ് കാട്ടാനകൾ അപഹരിച്ചത്. അവരുടെ വേദനകൾക്കൊപ്പമാണ് ഞാനും .