ഖനനത്തിൽ മൂന്നു തവണ പ്രതിഷേധം അറിയിച്ചു : മന്ത്രി പി.രാജീവ്
Friday, February 28, 2025 1:15 AM IST
തിരുവനന്തപുരം : കേന്ദ്ര സർക്കാർ കടൽതീര ധാതുക്കളുടെ ഖനനവുമായി ബന്ധപ്പെട്ടു നടത്തുന്ന നീക്കത്തിനെതിരേ കേരളം ശക്തമായ എതിർപ്പ് നേരത്തെതന്നെ അറിയിച്ചിരുന്നുവെന്നു മന്ത്രി പി.രാജീവ്.
2025 ജനുവരി 11ന് കൊച്ചി റിനായ് ഹോട്ടലിൽ ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര മൈനിംഗ് മന്ത്രാലയം ആദ്യമായി നടത്തിയ റോഡ് ഷോയിൽത്തന്നെ കേരളത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതാണ്. പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് കേന്ദ്ര മൈൻസ് സെക്രട്ടറി കാന്തറാവു മുന്പാകെ ഇതേക്കുറിച്ചുള്ള സംസ്ഥാന നിലപാട് അറിയിച്ചിരുന്നു.
ഇക്കാര്യത്തിലെ സംസ്ഥാനത്തിന്റെ നയപരമായ നിലപാടും നിലവിലെ ആശങ്കയും കേന്ദ്ര മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഓഫ്ഷോർ മിനറൽ ഡ്രഡ്ജിംഗ് ഉയർത്താവുന്ന വിവിധ വിഷയങ്ങളെ പരിഗണിച്ചു സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു- മന്ത്രി പറഞ്ഞു.